‘മേനകയെ കടന്നുപിടിച്ചു വലിച്ചിഴച്ചു കാട്ടിലേക്കു കൊണ്ടുപോയി, തോട്ടിൽ തലമുക്കി പിടിച്ചു’; വിനോദിന്റെ മൊഴി പുറത്ത്

പത്തനംതിട്ട: ഗവി വനമേഖലയിലെ അങ്കണവാടിയിലെ ജീവനക്കാരി മേനകയെ (30) വനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ മൂഴിയാർ ആദിവാസി ഉന്നതിയിലെ വിനോദ് കുമാറിന്റെ മൊഴി പുറത്ത്.

ഇന്നലെ രാവിലെ ഗവിയിൽ നിന്നു മീനാറിലേക്കു നടന്നു പോകുകയായിരുന്ന മേനകയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന ശേഷം കടന്നുപിടിച്ചു വലിച്ചിഴച്ചു കാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നെന്നു വിനോദ് പൊലീസിനോടു സമ്മതിച്ചു. തോട്ടിൽ യുവതിയുടെ തലമുക്കിപ്പിടിച്ചു. മരിച്ചു എന്നുറപ്പായതോടെ ഗവി വെയ്റ്റിങ് ഷെഡിനു സമീപം തിരിച്ചെത്തി കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിയെയും കൂട്ടി ബസിൽ കയറി കടന്നുകളയുകയായിരുന്നു.

ഗവി കെഎഫ്ഡിസി ജീവനക്കാരൻ സുരേഷിന്റെ ഭാര്യയാണ് മേനക. മകൾ: സഞ്ചന. വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പത്തനംതിട്ട പൊലീസിനു കൈമാറി. മൂഴിയാർ എസ്എച്ച്ഒ ആർ.പ്രകാശിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് തയാറാക്കി. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദും സ്ഥലത്ത് എത്തി.

മേനകയുടെ മരണം അതിവേഗം തെളിയിക്കാൻ സഹായിച്ചതു ഫോണിൽ വിളിച്ചുകൊണ്ടു നടന്നത്. വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെയുള്ള അങ്കണവാടിയിലേക്കു വനത്തിലൂടെയുള്ള റോഡിലൂടെ നടന്നു പോകവേയായിരുന്നു ആക്രമണം. ഈ സമയം പിതൃസഹോദരനുമായി ഫോണിൽ സംസാരിച്ചാണു യുവതി നടന്നിരുന്നത്. പെട്ടെന്നാണു പിന്നിൽനിന്ന് ആക്രമണം ഉണ്ടായത്. ഫോൺ വിളിക്കിടെ എന്തോ അപകടം സംഭവിച്ചെന്നു മനസ്സിലായ പിതൃസഹോദരൻ ഗവിയിലുള്ള ബന്ധുക്കളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. ഏതോ വന്യമൃഗം ആക്രമിച്ചെന്നാണ് ആദ്യം കരുതിയത്. തിരഞ്ഞെത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതോടെ സംശയം തോന്നിയ നാട്ടുകാർ റോഡുവക്കിലെ വനത്തിനുള്ളിലും തിരച്ചിൽ നടത്തി. സ്ഥലവാസികളും കെഎഫ്ഡിസി ഉദ്യോഗസ്ഥരും വനപാലകരും ചേർന്നു നടത്തിയ തിരച്ചിലിൽ ഗവി-മീനാർ റോഡിൽ മൂന്നു ഷെഡിനു സമീപം റോഡിൽനിന്നും 40 മീറ്ററോളം അകലെ ഗവിയാർ തോടിനോടു ചേർന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. തലഭാഗം വെള്ളത്തിലും ഉടൽ കരയിലുമായ നിലയിലായിരുന്നു. പിന്നിൽനിന്ന് ആക്രമിച്ച ശേഷം റോഡിൽനിന്നു വലിച്ചു മാറ്റിയെന്നാണു പ്രാഥമിക നിഗമനം.

കൊലപാതകമാണെന്നു ബോധ്യപ്പെട്ടതോടെ യുവതി നടന്നുപോകുമ്പോൾ വഴിയരികിൽ നിന്നിരുന്ന വിനോദ് കുമാറിലേക്കു സംശയം നീണ്ടു. ഇയാൾ പത്തനംതിട്ടയിൽ നിന്നു ഗവി വഴി കുമളിയിലേക്കുള്ള കെഎസ്ആർടിസി ബസിൽ ഒരു കുട്ടിയുമായി കയറുന്നതും നാട്ടുകാർ കണ്ടിരുന്നു. തുടർന്നു വള്ളക്കടവ് ചെക്പോസ്റ്റിൽ വിവരം അറിയിച്ചു വിനോദ് കുമാറിനെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *