തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ബാങ്കിൻ്റെ മറ്റൊരു ബ്രാഞ്ചിലെ ജീവനക്കാരിയുമായി മാനേജർ ഗിരീഷ് പ്രണയത്തിലായിരുന്നുവെന്നും ഇതിലുള്ള പ്രതികാരമായാണ് ഗിരീഷിനെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് വിശദീകരിച്ചു. യുവതിയുടെ ഭർത്താവും സഹോദരനുമാണ് പോലീസിൻ്റെ പിടിയിലായത്.
വ്യാഴാഴ്ച വൈകുന്നേരം ജോലി സമയം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓഫീസിന് പുറത്തിറങ്ങിയ സമയത്താണ് ഗിരീഷിനെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവസ്ഥലത്തുണ്ടായിരുന്ന സഹപ്രവർത്തകൻ വിവരമറിയിച്ചതിനെ തുടർന്ന് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.
ആദ്യഘട്ടത്തിൽ സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലായിരുന്നെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന നിഗമനത്തിൽ എത്തിയത്.
യുവതിയുടെ ഭർത്താവിൻ്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോകൽ നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. മാനേജറെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്താനായിരുന്നു ഇവരുടെ നീക്കമെന്ന് പോലീസ് പറഞ്ഞു. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

