മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതില്‍ അന്വേഷണം

കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവത്തില്‍ അന്വേഷണം. സംഭവത്തില്‍ അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തിരുവനന്തപുരം റെയിഞ്ച് ഡിഐജിക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നും പരാതിയുണ്ട്.

എന്നാല്‍, പായസം വീണതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും തികച്ചും യാദൃശ്ചികമാണെന്നാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് എത്ര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കിടക്കുന്നു. പരാതി കിട്ടിയപ്പോള്‍ അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചതായിരിക്കാം. പക്ഷേ, അന്വേഷിക്കാന്‍ മാത്രം അതില്‍ എന്തെങ്കിലുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിനുമിടെയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത്. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍വെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പായസ വിതരണം നടന്നിരുന്നു.

ബസില്‍വെച്ച് പായസം വിതരണം ചെയ്യുന്നതിനിടെ കൈ തട്ടി മന്ത്രിയുടെ തലയില്‍ വീഴുകയായിരുന്നു. പിന്നാലെ സീറ്റില്‍ നിന്ന് മന്ത്രി ചാടി എഴുന്നേല്‍ക്കുന്നതും ഒപ്പമുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയില്‍ വീണ പായസം തുടച്ചുമാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *