ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിനിടെ വീരമൃത്യു വരിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ജീവൻ ബലിനൽകിയത്. ഇവരുടെ സ്മരണ നിലനിർത്തുന്നതിനായി ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെ ‘ത്യാഗ് ചക്ര’ എന്നറിയപ്പെടുന്ന ബലിചക്രത്തിൽ ഇവരുടെ പേരുകൾ ആലേഖനം ചെയ്യും. 2025-ൽ വിവിധ സൈനിക ഓപ്പറേഷനുകളിൽ രാജ്യത്തിനായി ജീവൻ അർപ്പിച്ച ധീരർക്കൊപ്പമാണ് ഇവരുടെ പേരുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.
കരസേനയിലെ സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ് എന്നിവരും വ്യോമസേനയിലെ സർജന്റ് സുരേന്ദ്ര കുമാറുമാണ് വീരമൃത്യു വരിച്ചത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിനായി പോരാടിയ സൈനികർക്കായി സമർപ്പിച്ചിരിക്കുന്ന 16 ഗ്രാന്റ് ചുവരുകളിലാണ് ഇവരുടെ പേരും റാങ്കും യൂണിറ്റും രേഖപ്പെടുത്തുക.
2025 ഏപ്രിൽ 22-നാണ് ബൈസൺവാലിയിലെത്തിയ സഞ്ചാരികൾക്കുനേരേ ലഷ്‌കറെ തൊയ്ബ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ, വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ 26 പേർ മരിച്ചു. ഇതിനുള്ള തിരിച്ചടിയായാണ് ഇന്ത്യ മേയ് ഏഴിന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരേ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടി തുടങ്ങിയത്. ആക്രമണത്തെത്തുടർന്ന് പഹൽഗാം പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ശക്തമായ സുരക്ഷാപരിശോധനയ്ക്കുശേഷമാണ് വീണ്ടും തുറന്നത്.

