ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌.ഐ.ടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം  വീണ്ടും ചോദ്യം ചെയ്തു.കേസില്‍ തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് എസ്‌.ഐ.ടിയുടെ നീക്കം.

എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എട്ടുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ, 2025ൽ സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ സംഘം ശേഖരിച്ചു.

2019ല്‍ സ്വര്‍ണപ്പാളികള്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. നിലവില്‍ 2025ലെ പാളികൈമാറ്റത്തിൽ ഗുരുതരമായ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക നിഗമനം.

എന്തെങ്കിലും മറച്ചുവെക്കുന്നതിന്റെ ഭാഗമായിട്ടാണോ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയ വിവരം ഹൈകോടതിയെയും സ്‌പെഷ്യല്‍ കമ്മീഷണറെയും അറിയിക്കാതിരുന്നത് എന്നുള്ളതും ഇ.ഡി പരിശോധിച്ചു വരികയാണ്.

അതേസമയം ദേവസ്വം മുന്‍ പ്രസിഡന്റായ പി.എസ് പ്രശാന്ത് കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ക്കേ, ശബരിമലയില്‍ നിന്ന് കട്ടിളപ്പാളികള്‍ കൊണ്ടുപോകുന്ന സമയത്ത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിച്ചിട്ടില്ലെന്ന വീഴ്ച മാത്രമാണ് തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് പറയുന്നത്.

എന്നാല്‍ 2025ല്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശമല്ല സ്വർണ്ണപ്പാളികൾ കൊടുത്തുവിട്ടതെങ്കിലും, ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചതും ഇതിന് ചുക്കാൻ പിടിച്ചതും പോറ്റിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്തതിലൂടെ സ്വർണ്ണക്കള്ളക്കടത്തിന് പിന്നിലെ ആസൂത്രിതമായ ഗൂഢാലോചനയെക്കുറിച്ചും പങ്കാളികളെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്താനാണ് എസ്‌.ഐ.ടിയുടെ ശ്രമം.

ഇതിനിടെ പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള 2025ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എസ്‌.ഐ.ടി തീരുമാനിച്ചിരുന്നു. പൂര്‍ണമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ഭരണസമിതി അംഗങ്ങള്‍ പാളികള്‍ കൊടുത്തുവിട്ടതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പി.എസ് പ്രശാന്ത് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *