എന്യൂമറേറ്റർമാർ വീടുകളിലേക്ക്; ഭവന സെൻസസിന് ഇന്ന് തുടക്കം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാന ഭവന സെൻസസിന് ബുധനാഴ്ച തുടക്കം. ജൂലൈ 30 വരെയാണ് എന്യൂമറേറ്റർമാർ വീടുകളിലെത്തി കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വിവരം ശേഖരിക്കുക. ഇതിനായി 34 ചോദ്യങ്ങളുൾപ്പെടുന്ന ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ആകെ കെട്ടിടങ്ങളെ 150-200 വീതമുള്ള ബ്ലോക്കുകളായി തിരിച്ചാണ് സെൻസസിന് ക്രമീകരണം ഏർപ്പെടുത്തിയത്. ബുധനാഴ്ച നടപടികൾ ആരംഭിക്കുമെങ്കിലും തങ്ങൾക്ക് നിശ്ചയിച്ച് നൽകിയ സെൻസസ് ബ്ലോക്കിന്‍റെ ലേ ഔട്ട് മാപ്പ് തയാറാക്കൽ ജോലികളാകും ആദ്യ ദിവസങ്ങളിൽ. സെൻസസ് ബ്ലോക്കിൽ ഉൾപ്പെടുന്ന വീടുകളെയും കെട്ടിടങ്ങളെയും തിരിച്ചറിയാൻ എന്യൂമറേറ്റർ സ്വന്തം കൈപ്പടയിൽ തയാറാക്കുന്ന ഏകദേശ ഭൂപടമാണിത്.

സെൻസസ് ബ്ലോക്കിന്റെ അതിരുകൾ കൃത്യമായി മാപ്പിൽ അടയാളപ്പെടുത്തും. വഴി തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന പൊതുസ്ഥലങ്ങളോ കെട്ടിടങ്ങളോ അടയാളപ്പെടുത്തും. തുടർന്നാണ് വീടുകയറിയുള്ള വിവരശേഖരണം. ഭവന സെൻസസിന് മുന്നോടിയായി സ്വന്തമായി പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാവുന്ന സെൽഫ് എന്യൂമറേഷന് ജൂൺ 16 മുതൽ 30 വരെ സമയം അനുവദിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. എറണാകുളത്ത് മാത്രമാണ് അപേക്ഷകരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. സംസ്ഥാനതലത്തിൽ ആകെ എത്രപേർ സ്വന്തമായി വിവരം സമർപ്പിച്ചെന്ന കണക്കുകൾ പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല. കേരളത്തിൽ ആകെ 59,300 സെൻസസ് ബ്ലോക്കുകളാണുള്ളത്.

ഒരു ബ്ലോക്കിൽ ശരാശരി 175 വീടുകൾ എന്ന നിലയിൽ കണക്കാക്കിയാലും ഒരു കോടി (1,03,77,500) കെട്ടിടങ്ങളാണുള്ളത്. ആകെ കെട്ടിടങ്ങളുടെ 10 ശതമാനത്തിന്റെ വിവരങ്ങൾ പോലും സമർപ്പിച്ചിട്ടില്ല. ഓൺലൈൻ വഴി വിവരങ്ങൾ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന 11 അക്ക ഐ.ഡി എന്യൂമറേറ്റർമാർക്ക് കൈമാറിയാൽ, നാല് ചോദ്യം ചോദിച്ച് ഡാറ്റ വെരിഫിക്കേഷൻ പൂർത്തിയാക്കാമായിരുന്നു. ഭവന സെൻസസിനായി അധ്യാപകരടക്കം 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന വീടുകൾ ഒന്നിലധികം തവണ സന്ദർശിക്കും. രണ്ടാംഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *