പതിമൂന്നുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ പിതാവ് തല്ലിയൊടിച്ചു. തിരുവനന്തപുരം പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് മകളെ പീഡിപ്പിക്കാൻ അയൽവാസി ശ്രമിച്ചത്.

13 കാരിയെ 40 വയസുകാരൻ പ്രലോഭിപ്പിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നത് കണ്ട മറ്റൊരാൾ കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, അയൽവാസിയുടെ വീട്ടിലേക്ക് ഓടിയെത്തിയ പിതാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് നേരിൽ കാണുകയും, ഉടൻ തന്നെ സമീപത്തുണ്ടായ മരക്കഷ്ണം ഉപയോഗിച്ച് പ്രതിയുടെ കാൽ തല്ലിയൊടിക്കുകയുമായിരുന്നു.

എന്നാൽ, താൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മുൻവൈരാഗ്യത്തിന്റെ പേരിൽ കുട്ടിയുടെ അച്ഛൻ അക്രമിക്കുകയുമായിരുന്നെന്ന് പ്രതി പൊലീസിൽ മൊഴി നൽകിയത്. ചികിത്സയിൽ കഴിയുന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ശേഷം ചൈൽഡ് ലൈൻ അംഗങ്ങൾ പെൺകുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് സത്യം പുറത്തുവന്നത്.

കേസിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് മജിസ്‌ട്രേറ്റ് രംഗത്തെത്തി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തിയേക്കും. പിതാവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *