കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കരന് ജാമ്യം

കോഴിക്കോട്: പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദം സൃഷ്‌ടിച്ച കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കരന് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഡി.വൈ.എഫ്‌.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു ജിതിൻ. ബ്രോഡ്കാസ്റ്റ് സന്ദേശം വഴി 200 പേർക്ക് ജിതിൻ സന്ദേശം അയച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായതിനുശേഷം ജിതിൻ ജൂൺ 16 മുതൽ റിമാൻഡിലാണ്. വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ജില്ല കോടതിയെ സമീപിച്ചത്. നേരത്തെ എസ്.ഐ.ടി ചോദ്യം ചെയ്ത് വിട്ടയച്ച ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം റിബേഷ് രാമകൃഷ്ണൻ ജില്ല സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

‘വടകര സ്‌ക്വാഡ്’ എന്ന വാട്സ് ആപ് ഗ്രൂപ്പിലാണ് സ്ക്രീൻഷോട്ട് ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ മറ്റ് ഇടത് സൈബർ ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്താണ് സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യമിട്ട് കാഫിർ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്‍ലിം ആയും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് എം.എസ്.എഫ് നേതാവ് തിരുവള്ളൂർ സ്വദേശി പുല്ലാഞ്ഞികണ്ടി പി.കെ. കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. അതേസമയം, സ്ക്രീൻ ഷോട്ട് കാസിമിന്റെ പേരിൽ വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമായതോടെ പ്രതിപ്പട്ടികയിൽനിന്ന് എസ്.ഐ.ടി അദ്ദേഹത്തെ ഒഴിവാക്കി. കാസിമിനെ ഒഴിവാക്കിയുള്ള റിപ്പോർട്ട് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചു.

സ്ക്രീൻ ഷോട്ട് നിർമിച്ചത് കാസിം ആണെന്ന ആരോപണമുയർന്നതോടെ ഇടതു സർക്കാറിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തു. നിരപരാധിത്വം തെളിയിക്കാൻ മൂന്ന് ഫോണുകളും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ കാസിം ഹാജരാക്കി. എന്നാൽ, കാസിമിന്റെ മൊബൈൽ ഫോൺ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പൊലീസ് അന്വേഷണം ഡി.വൈ.എഫ്.ഐ നേതാവായിരുന്ന റിബേഷ് രാമകൃഷ്ണനിലാണ് അവസാനമെത്തിയത്. ഇതോടെ കേസ് അന്വേഷണം നിലക്കുകയായിരുന്നു. തുടർന്നും കാസിം നിയമപോരാട്ടം നടത്തിയെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. യു.ഡി.എഫ് സർക്കാർ നിയോഗിച്ച എസ്.ഐ.ടിയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കേസിൽ കാസിം നിരപരാധിയാണെന്ന് ബോധ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *