
കൊച്ചി: ‘അമ്മ’ (AMMA) സംഘടനയ്ക്കുള്ളിൽ നിലനിൽക്കുന്ന കടുത്ത ചേരിതിരിവുകളെയും പ്രതിസന്ധികളെയും കുറിച്ച് തുറന്നുപറഞ്ഞ് നടിമാരായ അൻസിബ ഹസ്സൻ, ഉഷ ഹസീന, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ രംഗത്ത്. സംഘടനയിലെ അസാധാരണമായ അഴിച്ചുപണികൾക്കും ഭരണസമിതിയുടെ രാജിയിലേക്കും നയിച്ച യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ശ്വേത മേനോൻ പ്രസിഡന്റായിരുന്ന മുൻ ഭരണസമിതി താഴെപ്പോയത് സാമ്പത്തിക ക്രമക്കേടുകളെ തുടർന്നാണെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് ഇവർ സംയുക്തമായി നടത്തിയിരിക്കുന്നത്.
റോണിയെയും ആശയെയും അഡ്ഹോക് കമ്മിറ്റിയിൽ എടുത്തതിന് കാരണമുണ്ട്: അൻസിബ
സാമ്പത്തിക ആരോപണം നേരിടുന്ന രാജിവെച്ച കമ്മിറ്റിയെ മൊത്തമായി അഡ്ഹോക് കമ്മിറ്റിയാക്കി മാറ്റിയിട്ടില്ലെങ്കിലും, അതിലുണ്ടായിരുന്ന ഡോ. റോണി ഡേവിഡ്, ആശാ അരവിന്ദ് എന്നിവരെ പുതിയ താൽക്കാലിക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നതായി അൻസിബ വ്യക്തമാക്കി. ഇതിന് വ്യക്തമായ കാരണമുണ്ടെന്ന് അൻസിബ പറഞ്ഞു:
“അമ്മയുടെ ‘സഞ്ജീവനി’ എന്ന ജീവകാരുണ്യ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നത് ഇവരാണ്. ആ പ്രവർത്തനങ്ങൾ ഒട്ടും മുടങ്ങിപ്പോകരുത് എന്ന് കരുതിയാണ് ഇവരെ അഡ്ഹോക് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയത്. ഇതിൽ ആശാ അരവിന്ദ് പിന്നീട് രാജി വെച്ചെങ്കിലും റോണി ഡേവിഡ് ഇപ്പോഴും അഡ്ഹോക് കമ്മിറ്റിയിൽ തുടരുന്നുണ്ട്.”
സ്ത്രീകൾ നയിക്കാൻ കുറുക്കുവഴികൾ നോക്കി; അംഗങ്ങളെ സഹായിച്ചില്ല: ഉഷ ഹസീന
അവസാന നിമിഷത്തിലാണ് സംഘടനയെ സ്ത്രീകൾ നയിക്കട്ടെ എന്നൊരു തീരുമാനം ഉണ്ടാകുന്നതെന്ന് നടി ഉഷ ഹസീന ചൂണ്ടിക്കാട്ടി.
“ഈ സ്ത്രീകൾ ജയിക്കാൻ വേണ്ടി പല കുറുക്കുവഴികളും പ്രയോഗിച്ചിട്ടുണ്ട്. അതിൽ അവർ വിജയിക്കുകയും ഭാരവാഹികളാകുകയും ചെയ്തു. തിരഞ്ഞെടുപ്പ് രീതികളിൽ പലർക്കും പല സംശയങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ ജയിച്ചതിന് ശേഷം ഞങ്ങൾ അംഗങ്ങളെല്ലാവരും തന്നെ പൂർണ്ണ പിന്തുണയോടെയാണ് അവരെ സ്വീകരിച്ചത്. പക്ഷേ, നിർഭാഗ്യവശാൽ അംഗങ്ങളുടെ ക്ഷേമത്തിനായി അവർ ഒരു രീതിയിലും പ്രവർത്തിച്ചിട്ടില്ല.” – ഉഷ ഹസീന ആരോപിച്ചു.
‘ജനറല്‍ ബോഡിയില്‍ പ്രിന്റ് ചെയ്ത് തന്ന കണക്കും ബാബുരാജിന് തെറ്റി അയച്ച കണക്കും വേറെയായിരുന്നു. ജനറല്‍ ബോഡിയില്‍ ആര്‍ക്കും സംസാരിക്കാന്‍ മൈക്ക് തന്നില്ല. അനൂപ് ചന്ദ്രന്റെ കൈയില്‍ മാത്രമായിരുന്നു മൈക്ക്. ബാബുരാജിനെതിരെ ആരോപണം ഉയര്‍ന്നു. മറുപടി പറയാന്‍ അവസരം നല്‍കിയില്ല. ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ പ്രസിഡന്റ് എഴുന്നേറ്റ് നിന്ന് ഇരിക്കടാ അവിടെ എന്ന് പറയുന്നതുപോലെ, ഞാനാണ് പ്രസിഡന്റ്, ഞാന്‍ പറയുന്നത് കേള്‍ക്കണം, ഞാന്‍ പറഞ്ഞുകഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞു. അങ്ങനെയങ്കില്‍ താന്‍ ഇറങ്ങിപ്പോവുകയാണെന്ന് ബാബുരാജ് പറഞ്ഞു. എങ്കില്‍ ഇറങ്ങിപ്പൊക്കോ, പുറത്ത് വണ്ടി കിടപ്പുണ്ട് എന്നായിരുന്നു ശ്വേതയുടെ മറുപടി. അവരുടെ ഭാഗം പറയുന്നവരെ മാത്രമാണ് സംസാരിപ്പിച്ചത്. ആരും അശ്ലീലം പറഞ്ഞിട്ടില്ല.’ ഉഷാ ഹസീന കൂട്ടിച്ചേര്‍ത്തു.
15 കോടിയുടെ വാഗ്ദാനവും വർഗീയ ധ്രുവീകരണവും: മാലാ പാർവതി
ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നിന്ന് ശ്വേതയുടെ വിശ്വാസ്യതയിൽ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് സംഘടനയ്ക്ക് പുറത്തുള്ള ഒരു രാഷ്ട്രീയ നേതാവാണെന്ന് വാർത്താസമ്മേളനത്തിൽ ഒരു വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് മാലാ പാർവതി വെളിപ്പെടുത്തി. ഞങ്ങളുടെ അറിവിൽ അവർ ‘അമ്മ’ അംഗമല്ലെന്നും ആ കോടികളുടെ ആവശ്യം സംഘടനയ്ക്കില്ലെന്നും മാലാ പാർവതി പറഞ്ഞു.
തുടർന്ന് സംഘടനയ്ക്കുള്ളിൽ നടക്കുന്ന വലിയ രാഷ്ട്രീയ-വർഗീയ നീക്കങ്ങളെക്കുറിച്ച് മാലാ പാർവതി തുറന്നടിച്ചു:
“ശ്വേതയുമായി തർക്കമുണ്ടായ ശേഷമാണ് ഞാൻ അവർക്ക് ഗൂഢാലോചനക്കാരിയായത്. ഗൂഢാലോചനയല്ല, കൃത്യമായ ആലോചനകൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. ധ്രുവീകരണവും വർഗീയവാദവും നടത്തുന്ന, മനുഷ്യരെയും കലാകാരന്മാരെയും ജാതിമത ഭേദമന്യേ ഒന്നായി കാണാൻ പറ്റാത്ത ആളുകളല്ല ‘അമ്മ’ ഭരിക്കേണ്ടത് എന്നത് എന്റെ ശക്തമായ വിശ്വാസമാണ്.”
‘എത്രയും പെട്ടെന്ന് ചെറുപ്പക്കാരായ കുട്ടികള്‍, ധ്യാന്‍ ശ്രീനിവാസന്റെയൊക്കെ നേതൃത്വത്തിലുള്ള ചെറുപ്പക്കാരായ കുട്ടികള്‍ ഇലക്ഷന് നില്‍ക്കണം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരൊക്കെ രക്ഷാധികാരികളായി വന്നു കൊണ്ട് ഈ സംഘടനയെ ഏറ്റെടുക്കണം. ഞങ്ങളുടെ എല്ലാവരുടെയും അഭിപ്രായം ചെറുപ്പക്കാര്‍ വരണമെന്നാണ്. ശ്വേത അവിടെ വരരുതെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല’.- മാല പാര്‍വതി പറഞ്ഞു.
‘കൈയും കാലും പിടിച്ചാണ് രമേശ് പിഷാരടിയെ അഡ്‌ഹോക് കമ്മിറ്റിയുടെ ചുമതല ഏൽപ്പിച്ചത്. ബോളിവുഡിൽ നടന്നപോലെ, സിനിമാ സംഘടനകളെ പിടിച്ചുകൊണ്ട്, സിനിമയെ മാറ്റി നാടിനെ വർഗീയവത്കരിക്കാനുള്ള ശ്രമത്തെ മുളയിലേ നുള്ളാൻ ശ്രമിച്ചു എന്ന ഗൂഢാലോചനാ കുറ്റമുണ്ടെങ്കിൽ അത് ചെയ്തിട്ടുണ്ട്. അശ്ലീലഭാഷ ഉപയോഗിച്ചിട്ടില്ല, രൂക്ഷമായി സംസാരിച്ചിട്ടുണ്ട്.’ അവർ കൂട്ടിച്ചേർത്തു.

