പിഷാരടിയോട് ചെയ്തത് വിശ്വാസ വഞ്ചന, ശ്വേത ഓഡിയോ പുറത്തുവിടാൻ പാടില്ലായിരുന്നു- ബീനാ ആന്റണി

‘അമ്മ’ അഡ്ഹോക് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന രമേഷ് പിഷാരടിയുമായി സംസാരിച്ച ഫോൺ സംഭാഷണം പുറത്തുവിട്ട ശ്വേത മേനോനെതിരെ നടി ബീനാ ആന്റണി. വിശ്വാസ വഞ്ചനയാണ് ശ്വേത കാണിച്ചതെന്ന് ബീനാ ആന്റണി പറഞ്ഞു. ശ്വേത ചെയ്തത് വലിയ തെറ്റായിപ്പോയെന്നും അവർ വ്യക്തമാക്കി.

‘ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഒരുപാട് പിഴവുകൾ സംഭവിച്ചു. പല ചേരിയായി തിരിഞ്ഞു. ഈഗോ പ്രശ്‌നങ്ങൾ വന്നു. അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ട ആളാണ് ഞാൻ. പക്ഷേ, അവർ സംസാരിച്ചപ്പോൾ 45 ദിവസം കൂടി കൊടുക്കാമെന്ന് എനിക്ക് തോന്നി. അതിനുവേണ്ടി ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു’, ‘അമ്മ’ ജനറൽ ബോഡിയിൽ നടന്ന കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് ബീനാ ആന്റണി പറഞ്ഞു.

‘പ്രശ്‌നങ്ങളും വാക്കുതർക്കങ്ങൾക്കുമൊടുവിൽ അവർ രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. പുറത്തിറങ്ങിപ്പോയ ശ്വേത പ്രസിഡന്റ് സ്ഥാനവും അമ്മയിലെ അംഗത്വവും രാജിവെക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. ശ്വേതാ, ആ തീരുമാനം ഇപ്പോൾ എടുക്കല്ലേ എന്ന് ഞങ്ങൾ എല്ലാവരും പറഞ്ഞു. പക്ഷേ, അതൊന്നും കേട്ടില്ല. അവർ സ്വന്തം ഇഷ്ടം പറഞ്ഞു’, രാജിവെക്കാനുള്ള ശ്വേതയുടെ തീരുമാനത്തെക്കുറിച്ച് ബീന പറഞ്ഞു.

‘പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടെ നിന്ന ആളാണ് പിഷാരടി. ഏറ്റവും നല്ല ജനപിന്തുണയോടെ എം.എൽ.എ. ആയി വന്ന ആളാണ്. ഒരുപാട് അഭിമാനമുണ്ട് പിഷാരടിയുടെ കാര്യത്തിൽ. അമ്മയുടെ പ്രതിസന്ധിയിൽ സഹായിക്കാൻ വന്ന ആളാണ്. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളാണ് ശ്വേതയും പിഷാരടിയും. അവരുടെ സംസാരം ഇങ്ങനെ പുറത്തേക്കെടുത്തിട്ട്, പിഷാരടിയെ വേദനിപ്പിച്ചതിലും മോശമാക്കിയതിലും എന്റെ ദുഃഖം രേഖപ്പെടുത്തുകയാണ്. വളരെ മോശമായിപ്പോയി. വലിയ വിശ്വാസ വഞ്ചനയാണ് ശ്വേത കാണിച്ചത്. ഒരിക്കലും അത് ചെയ്യാൻ പാടില്ലായിരുന്നു. എത്രയോ ആത്മബന്ധമുള്ള ആളുകളാണ് അവർ. പിഷാരടി ജയിച്ചപ്പോൾ, പിഷാരടിയെ ഉമ്മ വെക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് ശ്വേത സന്തോഷം പങ്കുവെച്ചത്. അത്രയേറെ ആത്മബന്ധമുള്ള ആൾക്കാരാണ് അവരൊക്കെ’, നടി ചൂണ്ടിക്കാട്ടി.

‘ആ ഓഡിയോ പുറത്തുവിടുമ്പോൾ പിഷാരടിയെ എത്രമാത്രം ബാധിക്കും എന്ന് ശ്വേത ആലോചിക്കേണ്ടേ. രാഷ്ട്രീയമായി ഇത്രയും വലിയ ഇമേജിൽ നിൽക്കുന്ന മനുഷ്യനെ എന്തുമാത്രം മോശം രീതിയിലാണ് മറ്റുള്ള പാർട്ടിയിലുള്ള ആളുകളും മറ്റുള്ളവരും പറയുന്നത്. ആ അവസ്ഥയിലേക്ക് പിഷാരടിയെ ഒരിക്കലും എത്തിക്കാൻ പാടില്ലായിരുന്നു ശ്വേത. അതിൽ ശക്തമായി ശ്വേതയോട് പ്രതിഷേധിക്കുന്നു’, ബീന ആന്റണി വ്യക്തമാക്കി.

‘അതോടൊപ്പം, ഈ അവസാന നിമിഷത്തിൽ ശ്വേത രാജിവെച്ചില്ലെന്ന് വന്നുപറയുന്നു. ഭരണസമിതി ഇനിയും തുടരും എന്ന് പറയുന്നതിൽ യാതൊരു അർഥവുമില്ല ശ്വേത. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നിങ്ങളിലുള്ള വിശ്വാസം പോവുകയല്ലേ? എന്ത് ന്യായമാണ് ശ്വേതയ്ക്ക് പറയാൻ ഉള്ളത്. അക്കാര്യത്തിൽ എന്റെ വ്യക്തിപരമായ എതിർപ്പ് അറിയിക്കുകയാണ്. ആ ചെയ്തതിൽ ശ്വേതയോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. പിഷാരടിയോട് ചെയ്തത് വലിയ തെറ്റായിപ്പോയി. അമ്മയുടെ പോക്ക് എങ്ങോട്ടാണെന്നത് വളരെയധികം വേദനയോടെ നോക്കിക്കാണുന്നു. അമ്മയെന്ന സംഘടനയെ മുന്നോട്ട് കൊണ്ടുപോവാൻ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ശക്തമായി മുന്നിട്ടിറങ്ങണം’, അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *