തുരങ്കപാതാനിർമാണം: അടിസ്ഥാനമാനദണ്ഡങ്ങൾ പോലും പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതാനിർമാണത്തിൽ അടിസ്ഥാന മാനദണ്ഡങ്ങൾപോലും പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (ജി.എസ്.ഐ.) തുർക്കി ആസ്ഥാനമായ ട്യൂമാസ് എന്ന ഏജൻസിയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പദ്ധതിയുടെ മേൽനോട്ടച്ചുമതലയുള്ള കൊങ്കൺ റെയിൽ കോർപ്പറേഷന് ജൂൺ 14-ന് റിപ്പോർട്ട് കൈമാറി.

തുരങ്കമുഖത്തേക്കെത്താൻ മണ്ണെടുത്തതിലും അവിടെ കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റ് നിർമിച്ചതിലുമൊക്കെ വലിയ വീഴ്ചയുണ്ടായെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടിൽ, മഴകനത്താൽ പെട്ടെന്നുള്ള മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

തുരങ്കപാതാനിർമാണഘട്ടത്തിലുണ്ടാകുന്ന അപകടസാധ്യതയെക്കുറിച്ച് പഠിക്കാൻ കൊങ്കൺ റെയിൽ കോർപ്പറേഷൻതന്നെ നിയോഗിച്ചതാണ് ഇരുകൂട്ടരെയും. ജൂൺ ആദ്യവാരം മുഴുവൻ നീണ്ട പഠനത്തിൽ തുരങ്കമുഖത്തെ മണ്ണിൽ വലിയ വിള്ളലുകൾ കണ്ടെത്തിയിരുന്നു. ഇടതുവശത്തെ െചരിവിലാണ് ഇത് പ്രകടമായത്. ഈ ചെരിവിന്റെ ഡിസൈനും മോഡലിങ്ങും പുനഃപരിശോധിക്കണമെന്നും ആംഗിൾ കുറയ്ക്കാമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ഇത് നടപ്പായില്ല. ഈ ചെരിവിലാണ് വലിയതോതിൽ മണ്ണിടിച്ചിലുണ്ടായത്.

ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധസമിതി നിർദേശിച്ച ഉപാധികൾ ലംഘിച്ചതായി സംശയം. 60 ഇന ഉപാധികളോടെയാണ് അന്തിമാനുമതി നൽകിയത്. പ്രാഥമിക അനുമതിക്കുശേഷം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായതോടെയാണ് നിബന്ധനകൾ കടുപ്പിച്ചത്.

തുരങ്കപാത നിർമിക്കുമ്പോഴോ മണ്ണിടിച്ചിൽ സാധ്യതയുൾപ്പെടെയുള്ള പ്രശ്‌നങ്ങളും ജൈവവൈവിധ്യത്തിനുണ്ടാവുന്ന ആഘാതവും സംബന്ധിച്ച് മന്ത്രാലയത്തിന് കീഴിലെ വിദഗ്ധസമിതി ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതുകാരണം അനുമതിക്കുള്ള അപേക്ഷ മാറ്റിവെച്ചു. അനുമതി നൽകുമ്പോൾ പ്രദേശത്ത് പാറപൊട്ടിക്കുന്നതിലും മണ്ണ് കൈകാര്യം ചെയ്യുന്നതിലുമെല്ലാം നിർദേശങ്ങളും വെച്ചു.

2019-ലും 2024-ലും പദ്ധതി പ്രദേശത്തിന് സമീപത്തായി വലിയതോതിലുള്ള ഉരുൾപൊട്ടലുണ്ടായി കടുത്ത ആൾനാശവും നാശനഷ്ടവുമുണ്ടായിരുന്നു. അതുകൊണ്ട് നിർമാണം നടക്കുമ്പോഴും അതിനുശേഷവും വൈബ്രേഷൻ മൂലം മണ്ണിടിച്ചിൽ ഇല്ലാതിരിക്കാൻ എന്ത് മുൻകരുതലാണ് സ്വീകരിക്കുക എന്ന കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. 2025 മേയിലാണ് ഉപാധികളോടെ അന്തിമ പാരിസ്ഥിതിക അനുമതിക്ക് വിദഗ്ധസമിതി ശുപാർശ നൽകിയത്.

 

Leave a Reply

Your email address will not be published. Required fields are marked *