വയനാട് മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം ഏഴായി, തിരച്ചിൽ ഊർജിതം

കൽപ്പറ്റ: കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി പ്രദേശത്ത് മീനാക്ഷി മല ഇടിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം ഏഴായി. മീനാക്ഷി പുഴയിൽ നിന്നാണ് ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായവരിൽ ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്. ഇതിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി മന്ത്രി എ.പി അനിൽകുമാർ അറിയിച്ചു.

എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും 30 അംഗ സംഘം പുഴയിൽ തിരച്ചിൽ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് എന്നതിനാൽ കണ്ടെത്താനുള്ള ഒരാൾ കൂടി ഈ മേഖലയിൽ ഉണ്ടാവാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കള്ളാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായത്. മൂന്ന് പേരുടെ മൃതദേഹം അന്ന് തന്നെ കണ്ടെത്തിയിരുന്നു. അഞ്ചുപേരെ കാണാതാവുകയും ചെയ്തിരുന്നു. ഇതിൽ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി (സർവേയർ), ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ (എൻജിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എക്സ്‌കവേറ്റർ ഓപറേറ്റർ) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച ലഭിച്ചത്. മധ്യപ്രദേശ് സ്വദേശിയും കമ്പനി ഓപറേറ്ററുമായ ചന്ദ്ര ബാൻ, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ, തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ചയും ലഭിച്ചു. പശ്ചിമബംഗാൾ സ്വദേശി രാകേഷ് ഗുച്ചൈത് (സർവേയർ), ഹിമാചൽപ്രദേശ് സ്വദേശി വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ) എന്നിവരെയാണ് ഇനി കണ്ടെത്താനുണ്ടായിരുന്നത്. എന്നാൽ ഇവരിൽ ആരെയാണ് ഇന്ന് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അപകട സ്ഥലത്ത് നിന്ന് നീക്കുന്ന മണ്ണ് റോഡിന് ഇരുവശത്തും തള്ളരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അനിൽകുമാർ അറിയിച്ചു. ഇന്ന് നീക്കം ചെയ്യുന്ന മണ്ണ് ചൂരൽമല ഭാഗത്തേക്ക് കൊണ്ടുപോവും. കഴിഞ്ഞ ദിവസങ്ങളിൽ റോഡ് വശങ്ങളിൽ തള്ളിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം അപകട സ്ഥലത്ത് കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാൻ ഇതുവരെ കൊങ്കൺ റെയിൽവേ തയ്യാറായിട്ടില്ല. മണ്ണ് നീക്കുന്നത് അപകടത്തിനിടയാക്കും എന്നാണ് കമ്പനിയുടെ വിശദീകരണം. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടെ അഭിപ്രായം തേടിയ ശേഷം ഇതിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.പി അനിൽകുമാർ അറിയിച്ചു. നാലു സോണുകളിലായാണ് തിരച്ചിൽ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *