തിരുവനന്തപുരം: ശബരിമല അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും പുതിയ രീതിയിലുള്ള സംഗമങ്ങൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. ഊരാളുങ്കലിന് ബോർഡിൽനിന്ന് ഒരു തുകയും എടുത്ത് കൊടുക്കാൻ കഴിയില്ലെന്നും ജയകുമാർ പറഞ്ഞു.
ശബരിമലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള നിർദേശങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന സ്പെഷൽ ബോർഡ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ആറു കോടി രൂപ നല്‍കാനുണ്ടെന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ വാദം ദേവസ്വം ഓഡിറ്റര്‍ അംഗീകരിക്കുന്നില്ല. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് വ്യക്തിഗത സ്പോൺസർഷിപ്പ് സ്വീകരിക്കില്ല. അവർക്ക് അത് കാണിക്കയായിട്ട് സമർപ്പിക്കാം. സ്ഥാപനങ്ങളുമായിട്ട് മാത്രമേ സ്പോൺസർഷിപ്പ് ഉണ്ടാവു. ശബരിമലയുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ വിഷമമുണ്ടാക്കി. തങ്ങൾ ആരും ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിജിലൻസുമായി ചേർന്ന് നിരീക്ഷണം ഉറപ്പാക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലെ എല്ലാ ഇടപാടുകളും ഇനിമുതൽ ഡിജിറ്റൽ രീതിയിലേക്ക് മാറും. വഴിപാട് ബുക്കിങ് ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കും. തീർഥാടകർക്കായി അനുവദിച്ചിട്ടുള്ള 608 മുറികളിൽ 550 മുറികളും ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കും. മുറികൾക്കായി മുമ്പ് വാങ്ങിയിരുന്ന ഡെപ്പോസിറ്റ് സമ്പ്രദായം ഒഴിവാക്കി പകരം 50 രൂപ മാത്രം സർവിസ് ചാർജായി ഈടാക്കാനും തീരുമാനിച്ചു.
തീർഥാടകരുടെ ക്ഷേമം പരിഗണിച്ച്, ശബരിമലയിൽവെച്ച് മരിക്കുന്ന ഭക്തരുടെ കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപവീതം ധനസഹായം നൽകാനും ബോർഡ് തീരുമാനിച്ചു. കഴിഞ്ഞവർഷം മാത്രം 54 തീർഥാടകർ ശബരിമലയിൽ മരിച്ചിരുന്നു. സുരക്ഷയും തിരക്കും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പമ്പയിൽ പുതിയ കൺട്രോൾ റൂം സജ്ജീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
