കൊല്ലം: കല്ല്യാണ വീട്ടിൽ ഭക്ഷണത്തെചൊല്ലി തർക്കം. ഐസ്ക്രീം നൽകാത്തതിന്റെ പേരിലായിരുന്നു വിരുന്നിനിടെ കൂട്ടയടി നടന്നത്. കൊല്ലം പള്ളിമുക്കിലെ ബി.എസ്.എ ഓഡിറ്റോറിയത്തിൽ ഇന്നലെയായിരുന്നു സംഭവം. വിവാഹശേഷെ വിളമ്പിയ വിരുന്നിൽ തുടങ്ങിയ പ്രശ്നമാണ് വൈകുന്നേരം കൂട്ടയിടിയിൽ കലാശിച്ചത്. വധുവിന്റെ ബന്ധുക്കളായ ചിലര്‍ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നുപോയി എന്ന് കാറ്ററിങ് ടീം അറിയിച്ചതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് സംഘർഷമായി മാറുകയായിരുന്നു.
ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിങ് ടീം പറഞ്ഞു. പിന്നാലെ ബോക്സ് തുറന്ന് ഐസ്‌ക്രീം എടുക്കാൻ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്. പ്രശ്നത്തിൽ കൂടുതൽ പേർ ഇടപെട്ടതോടെ കൂട്ടയടിയായി. സംഘർഷത്തിനിടെ വധു കുഴഞ്ഞുവീണു. വധുവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹദിവസം വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായതായും അതിന്റെ തുടർച്ചയായിരുന്നു സൽക്കാരത്തിനിടയുണ്ടായ അക്രമം എന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ കേസെടുത്തതായി ഇരവിപുരം പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

