സർക്കാർ സേവനങ്ങൾക്കുള്ള ഫീസടക്കൽ ഇനി ന്യൂജൻ ബാങ്കുകൾ വഴിയും; ഇ-ട്രഷറി പോർട്ടലുമായി അഞ്ച് ബാങ്കുകളെകൂടി ബന്ധിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഇ-ട്രഷറി പോർട്ടലുമായി അഞ്ച് ന്യൂജൻ സ്വകാര്യ ബാങ്കുകളെകൂടി ബന്ധിപ്പിക്കാൻ അനുമതി നൽകി ധനവകുപ്പ് ഉത്തരവ്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ്, സൗത്ത് ഇന്ത്യൻ, കൊട്ടക് മഹീന്ദ്ര എന്നിവയാണ് പുതുതായി ഇ-ട്രഷറി സംവിധാനത്തിന്റെ ഭാഗമാകുന്നത്. ഓൺലൈൻ മുഖേനയുള്ള പണമിടപാടുകളും ട്രഷറിയിലേക്കുള്ള അടവുകളും ഇതോടെ കൂടുതൽ സുഗമമാകും.

ന്യൂജൻ ബാങ്കുകളിൽ അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് ഇനി മറ്റു ബാങ്കുകളിലേക്ക് പണം മാറ്റാതെ നേരിട്ട് സർക്കാർ സേവനങ്ങൾക്കുള്ള പണമടക്കാം. നികുതികൾ, വിവിധ സർക്കാർ ഫീസുകൾ, പിഴകൾ, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസുകൾ, മോട്ടോർ വാഹന വകുപ്പിലെ ഫീസുകൾ തുടങ്ങിയവ ഇനി ന്യൂജൻ ബാങ്കുകൾ വഴി അടക്കാം. നിലവിൽ ദേശസാത്കൃത ബാങ്കുകൾക്കും ഷെഡ്യൂൾഡ് ബാങ്കുകൾക്കും മാത്രമാണ് ഈ സൗകര്യം. വിവിധ ബാങ്കുകൾ നൽകിയ അപേക്ഷയും ട്രഷറി ഡയറക്ടറുടെ ശിപാർശയും പരിഗണിച്ചാണ് സർക്കാർ തീരുമാനം. 2014 ആഗസ്റ്റ് ഒന്നു മുതലാണ് കേരളത്തിൽ ഓൺലൈൻ പണമിടപാടുകൾക്ക് ഇ-ട്രഷറി സംവിധാനം വന്നത്. തുടക്കത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് തുടങ്ങി 14 ബാങ്കുകളെയാണ് സംവിധാനവുമായി ബന്ധിപ്പിച്ചത്.

ന്യൂജൻ ബാങ്കുകളിൽനിന്ന് അപേക്ഷകളുണ്ടായിരുന്നെങ്കിലും കേന്ദ്രസർക്കാർ അനുമതിയില്ലാത്തിനാൽ ഇ-ട്രഷറി സൗകര്യവുമായി ബന്ധിപ്പിച്ചില്ല. കേന്ദ്രാനുമതി ലഭിച്ചതോടയാണ് ഡിജിറ്റൽ പണമിടപാട് സൗകര്യം ന്യൂജൻ ബാങ്കുകളെ കൂടി ഉൾപ്പെടുത്തി വിപുലമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *