കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെ.സി. ജോസഫും അന്നത്തെ തൃക്കാക്കര എം.എൽ.എയും ഇപ്പോൾ ചാലക്കുടി എം.പിയുമായ ബെന്നി ബഹനാനും കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അർജുൻ രാജ് മുമ്പാകെ മൊഴിനൽകി. മന്ത്രിസ്ഥാനം നഷ്ടമായതിന്‍റെ വൈരാഗ്യത്തിൽ ഗണേഷ്‍കുമാർ നടത്തിയ ഗൂഢാലോചയിൽ ഉരുത്തിരിഞ്ഞതാണ് ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികപീഡന പരാതിയെന്ന് ഇരുവരും മൊഴിനൽകി.
ഗണേഷ്‍കുമാർ തന്നോടൊപ്പം മന്ത്രിസഭയിലുണ്ടായിരുന്നെന്നും 2013 കാലയളവിൽ അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യയുടെ ഗാർഹികപീഢന പരാതിയിൽ ക്രിമിനൽ കേസെടുത്ത പശ്ചാത്തലത്തിൽ, പ്രതിപക്ഷ സമരത്തെത്തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചെന്നും കെ.സി. ജോസഫ് മൊഴിനൽകി. ഗണേഷിന്‍റെ കുടുംബപ്രശ്‌നങ്ങൾ പരിഹരിച്ച് മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ ധാരണയായെങ്കിലും അദ്ദേഹത്തിന്‍റെ പിതാവും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ. ബാലകൃഷ്‌ണപിള്ളയുടെ എതിർപ്പിനെത്തുടർന്ന് തിരിച്ചെടുക്കാനായില്ല. ഗണേഷ്‍കുമാറും സോളാർ കേസ് പരാതിക്കാരിയും തമ്മിലെ സൗഹൃദം മൂലമാണ് ബാലകൃഷ്‌ണപിള്ള ഈ നിലപാടെടുത്തത്. മന്ത്രി ആകാനുള്ള സാധ്യത അടഞ്ഞതോടെ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയ പ്രതിപക്ഷത്തിന്റെ കൈയിലെ കരുവായി ഗണേഷ് മാറി.
ഇതിനിടെ സോളാർ കേസിന്റെ കാര്യങ്ങൾ പറഞ്ഞ് പരാതിക്കാരി നൽകിയ കത്ത് 21 പേജ് മാത്രമായിരുന്നെന്ന് ജയിൽ സൂപ്രണ്ടിന് നൽകിയ കൈപ്പറ്റ് രസീതിൽ അവരുടെ അഭിഭാഷകൻ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് അവർ തയാറാക്കിയതാണെന്നുപറഞ്ഞു 25 പേജുള്ള കത്ത് ജുഡീഷ്യൽ കമീഷൻ മുമ്പാകെ സമർപ്പിച്ചു. കൂട്ടിച്ചേർത്ത നാലു പേജുകളിൽ ഉമ്മൻ ചാണ്ടിയെയും മറ്റ് യു.ഡി.എഫ് നേതാക്കളെയും പറ്റി അപകീർത്തികരമായ പരാമർശങ്ങളുണ്ടായി. നാല് പേജ് കൂട്ടിച്ചേർത്തതിന് പിന്നിൽ ഗണേഷ്‍കുമാറിന്‍റെ ഇടപെടലുണ്ടായെന്ന് അറിയാമെന്നും കെ.സി. ജോസഫ് മൊഴിനൽകി. ഇതിന് സമാനമായ മൊഴിയാണ് ബെന്നി ബെഹനാനും നൽകിയത്. കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് അഡ്വ. ജോളി അലക്സ് മുഖേന ഫയൽ ചെയ്ത കേസിലാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്.

