കേരളം: ഭക്തിയുടെയും വ്രതശുദ്ധിയുടെയും ആത്മീയാനുഭവങ്ങളുടെയും പ്രതീകമായ കർക്കിടക മാസത്തിന് (രാമായണ മാസം) ഇന്ന് തുടക്കമായി. പഞ്ഞമാസമെന്നും പെയ്ത്തുമാസമെന്നും അറിയപ്പെടുന്ന കർക്കടകത്തെ ആത്മീയ വെളിച്ചം കൊണ്ട് പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം ആരംഭിക്കുന്നത്.
ഇനി വരുന്ന ഒരു മാസം കേരനിരകളിൽ രാമായണ ഈരടികൾ മുഖരിതമാകും. അതിരാവിലെ കുളിച്ച് വിളക്കുവെച്ച് രാമായണം വായിക്കുന്നതും, സന്ധ്യാസമയങ്ങളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് നാമജപം നടത്തുന്നതും കർക്കടകമാസത്തിന്റെ പ്രധാന സവിശേഷതയാണ്.
ഇന്ത്യൻ സംസ്കാരത്തിന്റെ ധാർമ്മിക പ്രതീകമായ മര്യാദാപുരുഷോത്തമൻ ശ്രീരാമൻ, ഒരു ഉത്തമ പുത്രനും സഹോദരനും ഭർത്താവും ഭരണാധികാരിയും എങ്ങനെയായിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത മഹത്തായ മാതൃകയാണ്.

പിതാവിന്റെ വാക്ക് പാലിക്കാൻ രാജ്യം ഉപേക്ഷിച്ച് വനവാസം സ്വീകരിച്ച ശ്രീരാമനും, ജ്യേഷ്ഠന്റെ പാദുകങ്ങൾ സിംഹാസനത്തിൽ പ്രതിഷ്ഠിച്ച് രാജ്യം ഭരിച്ച ഭരതനും പകർന്നുനൽകുന്ന ത്യാഗത്തിന്റെയും സഹോദരസ്നേഹത്തിന്റെയും സന്ദേശം ഇന്നും സമൂഹത്തിന് പ്രചോദനമാണ്.
മലയാളഭാഷയുടെ പിതാവായി ആദരിക്കപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച അധ്യാത്മരാമായണം കിളിപ്പാട്ട് തന്നെയാണ് കർക്കടക മാസത്തിൽ കേരളമെമ്പാടും ഭക്തിപൂർവം പാരായണം ചെയ്യുന്നത്. സംസ്കൃതത്തിലെ മഹത്തായ ആത്മീയ സന്ദേശങ്ങളെ ലളിതമായ മലയാളഭാഷയിലും ഹൃദയസ്പർശിയായ ഈണത്തിലും ജനങ്ങളിലേക്കെത്തിച്ചതിലൂടെ രാമകഥയെ സാധാരണ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാക്കിയത് എഴുത്തച്ഛനാണ്.
ആയുർവേദ ചികിത്സയ്ക്കും ആരോഗ്യ പരിചരണത്തിനും ഏറ്റവും അനുയോജ്യമായ മാസമായാണ് കർക്കിടകത്തെ കണക്കാക്കുന്നത്. ഔഷധക്കഞ്ഞി സേവയും പ്രത്യേക ചികിത്സാ രീതികളും പിന്തുടർന്ന് ശരീരത്തെ പുനരുജ്ജീവിപ്പിക്കാൻ ആളുകൾ ഈ സമയം പ്രയോജനപ്പെടുത്തുന്നു. സൂര്യൻ കർക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന ഈ വേളയിൽ, ആരോഗ്യപരമായ കരുതലുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്.
വീടും പരിസരവും വൃത്തിയാക്കി, ദശപുഷ്പങ്ങൾ ചൂടി നിലവിളക്ക് തെളിച്ചാണ് രാമായണ പാരായണത്തിന് തുടക്കം കുറിക്കുന്നത്. രാമായണത്തിലെ ഓരോ വരിയും പാരായണം ചെയ്യുന്നതിലൂടെ ആത്മീയമായ ഉണർവും പോസിറ്റീവ് എനർജിയും ലഭിക്കുമെന്നാണ് വിശ്വാസം. ഈ ഒരു മാസം നീണ്ടുനിൽക്കുന്ന ആചാരങ്ങളിലൂടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ആരോഗ്യകരമായി നിലനിർത്താനുള്ള ഒരുക്കത്തിലാണ് മലയാളികൾ.

