നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ്

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി ആർ.എൽ നിതിൻ രാജിന്റെ മരണത്തിൽ ഡോ എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനാണ് നോട്ടീസ്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് നോട്ടീസ് നൽകിയത്. സുപ്രീം കോടതിയുടെ അറസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം.

രണ്ട് ദിവസം മുൻപായിരുന്നു കുടകിൽ നിന്ന് ക്രൈംബ്രാഞ്ച് എംകെ റാമിനെ അറസ്റ്റ് ചെയ്തത്. നിതിൻ രാജിന്റെ മരണം നടന്ന് 100 ദിവസം കഴിഞ്ഞാണ് എംകെ റാമിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞത്. എന്നാൽ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ സമയത്ത് പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. പ്രതിക്ക് മനസിലാകുന്ന ഭാഷയിൽ ​ഗ്രൗണ്ട് ഓഫ് അറസ്റ്റ് വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയ്ക്ക് പ്രതിയെ വിട്ടയക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

നേരത്തെ ഹൈക്കോടതിയും പൊലീസിനെ വിമർശിച്ചിരുന്നു. കേസ് അലംഭാവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തതെന്നാണ് വിമർശനം. പ്രതിയെ പിടികൂടാൻ ഒരു നടപടിയും പോലീസ് എടുത്തില്ലെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിയെ അറസ്റ്റുചെയ്യാതെ പ്രതിക്കൊപ്പം നടക്കുകയാണുണ്ടായത്. കീഴടങ്ങിയ പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. വീഴ്ച്ച വരുത്തിയ Dysp സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. പാവപ്പെട്ട ആളുകളെ ഉപദ്രവിക്കുന്നു എന്നിട്ട് പണക്കാരെ രക്ഷിക്കുന്നു. പണം ഉള്ളവർക്ക് ഹുങ്ക് കൊണ്ട് എന്തും ചെയ്യാമെന്ന അവസ്ഥയായെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *