ഡൽഹിയിലെ നീറ്റ്/വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പാർലമെന്റും ഹൈക്കോടതിയും കത്തിക്കണമെന്നും പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണമെന്നും വീഡിയോയിലൂടെ ആഹ്വാനം ചെയ്ത മലയാളി വ്ലോഗർ മുഹമ്മദ് അനസ് (Okay Anas)ഒടുവിൽ മാപ്പപേക്ഷയുമായി രംഗത്ത്. ക്രമസമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഇയാളുടെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ഭീഷണികളും സൈബറാക്രമണവുമാണ് അനസിന് നേരിടേണ്ടി വന്നത്.
ഒരു ദിവസത്തിനിടെ ആയിരത്തോളം ഭീഷണി കോളുകളാണ് ഇയാൾക്ക് വന്നതെന്നാണ് വിവരം. വിഷയം കൈവിട്ടുപോവുകയും നിയമനടപടികൾ ഭയക്കുകയും ചെയ്തതോടെയാണ് മുൻപത്തെ നിലപാട് തിരുത്തി മാപ്പപേക്ഷിച്ചുകൊണ്ട് അനസ് പുതിയ വീഡിയോയുമായി എത്തിയത്.
പോലീസിനെ ആക്രമിക്കുന്നതിൽ ഹരം; നേപ്പാളും ബംഗ്ലാദേശും മാതൃകയാക്കാൻ ആഹ്വാനം (വിവാദ പരാമര്‍ശങ്ങള്‍)
പോലീസുകാർക്കെതിരായ ആക്രമണങ്ങളെ പരസ്യമായി ന്യായീകരിക്കുന്നതായിരുന്നു അനസിന്റെ വീഡിയോ. പ്രതിഷേധത്തിൽ പോലീസുകാരെ തല്ലുന്നത് കണ്ടപ്പോൾ തനിക്ക് ‘ഭയങ്കര ഹരം’ തോന്നിയെന്നും, ശേഷിയുള്ള മുഴുവൻ യുവാക്കളും ഡൽഹിയിലെത്തി പ്രക്ഷോഭത്തിൽ പങ്കെടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് സമാനമായി ഇന്ത്യയിലും വൻ കലാപങ്ങൾ നടക്കുമെന്ന് ഇയാൾ പ്രവചിക്കുന്നു. പ്രക്ഷോഭത്തിനിറങ്ങുന്ന യുവാക്കൾ രാജ്യത്തിന്റെ ഭരണഘടന, പാർലമെന്റ്, ഹൈക്കോടതി എന്നിവ പോലും കത്തിച്ചുകളയാൻ സാധ്യതയുണ്ടെന്നായിരുന്നു ഇയാളുടെ വിചിത്രമായ വാദം. തനിക്ക് പരിക്കേറ്റതിനാലാണ് നേരിട്ട് ഡൽഹിയിൽ പോകാതിരുന്നതെന്നും ഇല്ലെങ്കിൽ താനും മുന്നിലുണ്ടാകുമായിരുന്നു എന്നും ഇയാൾ വീഡിയോയിൽ അവകാശപ്പെട്ടു.
രാജ്യദ്രോഹിയെന്ന് സൈബർ ഇടങ്ങൾ; ഒടുവിൽ മാപ്പപേക്ഷ
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇയാൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമായി. ഇയാളെ തീവ്രവാദിയെന്നും കലാപകാരിയെന്നും മുദ്രകുത്തി സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തു.
നിയമനടപടികളും വധഭീഷണിയും ഭയന്ന് പിന്നീട് ഇയാൾ വീഡിയോ പിൻവലിക്കുകയും തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞ് മാപ്പപേക്ഷിക്കുകയും ചെയ്തു. വികാരത്തള്ളിച്ചയിൽ പറഞ്ഞുപോയതാണെന്നും ഭരണഘടനയോട് ബഹുമാനമുണ്ടെന്നുമാണ് ഇയാളുടെ പുതിയ വിശദീകരണം.ഇനി ഭാവിയില്‍ രാഷ്ട്രീയപരമായ വിഷയങ്ങളിലോ ഇത്തരം വിവാദപരമായ കാര്യങ്ങളിലോ യാതൊരു വീഡിയോയും ചെയ്യില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അനസ് തന്റെ മാപ്പപേക്ഷ അവസാനിപ്പിച്ചത്. എന്നാൽ ക്രമസമാധാനം തകർക്കാൻ ശ്രമിച്ച ഇയാൾക്കെതിരെ പോലീസ് കടുത്ത നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് ഒരുവിഭാഗം ആളുകൾ.
മുഹമ്മദ് അനസിന്റെ വിവാദ വീഡിയോയില്‍ പറയുന്നത്…
ഡല്‍ഹിയിലെ പ്രൊട്ടസ്റ്റ് കണ്ടോ നിങ്ങള്‍? പോലീസുകാരെ ഇങ്ങനെ ഇങ്ങനെ അടിച്ചിച്ചിട്ട് കുത്തി ഇതാക്കുന്നത് കണ്ടോ നിങ്ങള്‍?
ഇത് ഭയങ്കര ഹരമാണ് എടാ, കഴിവുള്ളവര്‍ പോയി പങ്കെടുക്ക്.
കാരണം, കഴിഞ്ഞ കൊല്ലം സെപ്റ്റംബറില്‍ നേപ്പാളില്‍ എത്ര പോലീസുകാരുടെ തല എറിഞ്ഞു പൊട്ടിച്ച കൈയാണെന്നറിയോ ഇത്?
എറിയുക തന്നെ, എറിയുക തന്നെ. നിങ്ങള്‍ കണ്ടില്ലേ?
ഓ, എന്ത് ഹരമാണെന്നറിയോ. പക്ഷെ കുറച്ചു കഴിഞ്ഞാല്‍ വള്ളി വരുമല്ലോ, അന്ന് ഞാന്‍ മാത്രമേ ഉള്ളൂ അവിടെ. കേരളത്തില്‍ നിന്നാണ്, അപ്പോഴാ വള്ളി വന്നത്.
ഇതിപ്പോ നമ്മള്‍ ഇന്ത്യക്കാര് എല്ലാവരും ഉണ്ടെടാ. കുറേ ആള്‍ക്കാരുണ്ടാകുമ്പോള്‍ എന്തിനാ പേടിക്കുന്നേ?
എനിക്ക് നല്ല കൊതിയുണ്ട് ഡല്‍ഹിക്ക് പോകാന്‍, പക്ഷെ ഞാന്‍ എന്താ പോകാത്തെ എന്നറിയോ?
ഒരു ആഴ്ച മുമ്പ് ഞാന്‍ നാട്ടിലെ പുറത്ത് ടര്‍ഫില്‍ കളിച്ചിട്ട് കുണ്ടി കുത്തി വീണു. അവിടെ എല്ല് കുത്തിയിട്ടുണ്ട്.
അപ്പൊ ഡോക്ടര്‍ പറഞ്ഞത് രണ്ടാം ആഴ്ചയ്ക്ക് മറ്റേത് അല്ലാതെ യൂസ് ചെയ്യരുതെന്ന്. അതുകൊണ്ട് മാത്രം.
നിങ്ങളൊന്ന് ആലോചിച്ചു നോക്കിയേ, ഞാന്‍ ഇനി അഥവാ പ്രൊട്ടസ്റ്റിനൊക്കെ പോയിട്ടുണ്ടെങ്കിലേ,
അഥവാ, ഞാന്‍ സേഫ് ആയിട്ട് നില്‍ക്കലേ ഉള്ളൂ, അഥവാ ആരെങ്കിലും ‘എന്താ ഇവിടെ നോക്കി നിക്കുന്നത്?’ എന്നും പറഞ്ഞു കുണ്ടിക്ക് അടിച്ചാലോ?
ഓ… പിന്നെ നീച്ചെ എടുക്കാന്‍ കഴിയില്ല മച്ചൂ, അതുകൊണ്ടാണ്.
അല്ലെങ്കിലൊക്കെ നമ്മള്‍ എപ്പോ എവിടെ തിരിയും…
എടാ, കൈയിലുള്ളതൊക്കെ പോകട്ടെടാ.
എടാ, ഇങ്ങനത്തെ പ്രൊട്ടസ്റ്റ്… ഇതൊക്കെ ചിലപ്പോ ഉണ്ടല്ലോ, ഹിസ്റ്റോറിക്കല്‍ ആവാന്‍ ചാന്‍സുണ്ട്.
അപ്പൊ കഴിഞ്ഞ കൊല്ലം നേപ്പാള്‍, അതിനു മുമ്പത്തെ കൊല്ലം ശ്രീലങ്ക, അതിനു മുമ്പത്തെ കൊല്ലം ബംഗ്ലാദേശ്.
ഈ കൊല്ലം എന്തുകൊണ്ട് ഇന്ത്യ ആയിക്കൂടാ?
അല്ല, പഞ്ചാബികളുടെ കഥ ഇറങ്ങിയതാണ്.
നിയിപ്പോ ബിഹാരികളും കൂടി വന്നാല്‍ കണക്കായി. ബിഹാരികള്‍ വന്നാല്‍ പിന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ,
മറ്റേ കൊലക്കാരന്മാര്, അടിച്ചിച്ചിട്ട് ഓരടുത്തുള്ള പോലീസുകാരുണ്ടാവും, ഇങ്ങനെ ജിമ്മിന്റെ വാലെ ഇങ്ങനെ ഒക്കെ വെയ്ക്കുന്നുണ്ടാവും പോലീസുകാരെ പിടിച്ചുകൊണ്ട്.
ഓ, എന്തൊരു രസമാണ്.
ഫസ്റ്റ് ഫസ്റ്റ് ദിവസം ഒക്കെ കുട്ടികള്‍ക്ക് കിട്ടുന്നത് കണ്ടിട്ട് ആകെ ചോര ഒലിപ്പിച്ചിട്ട് ഭയങ്കര സങ്കടം.
പിന്നെ അങ്ങോട്ട് ആള്‍ക്കാര് തിരിച്ചടിക്കാന്‍ തുടങ്ങിയല്ലേ,
ആ പഞ്ചാബികളുടെ അടുത്തൊക്കെ നല്ല ഡബിള്‍ ബാരല്‍ സാധനമുണ്ടാവും. അതൊക്കെ എടുത്തിട്ട് ഇങ്ങനെ ടക്ക ടക്ക ടക്ക ടക്ക…
എന്റെ അഭിപ്രായത്തില്‍ ഉണ്ടല്ലോ,
ഞാന്‍ ഇന്നലെ കുറെ റീല്‍സ് കണ്ടിട്ട് ഞാന്‍ ഉറങ്ങി.
നിങ്ങള്‍ക്ക് എന്താന്ന് വെച്ചാല്‍ നമ്മളീ സ്വപ്നം ഇങ്ങനെ കാണില്ലേ?
ഉറക്കത്തിന്റെ മുമ്പ് നമ്മള്‍ എന്താണോ കുറെ ആലോചിച്ചത് അതാണ് നമ്മുടെ സ്വപ്നത്തിലേക്ക് വരുക.
ഇന്നലെ ഞാന്‍ എന്തൊക്കെയോ ഉറക്കത്തില്‍ കാണുന്നത്, ഞാനും പിന്നെ എന്റെ ചങ്ങാതി ഇച്ചൂസും വല്ത്താഫും കൂടി ഞങ്ങള് മൂന്നാളും ഒരു പിഎന്‍ജി എയ്‌റ്റൊക്കെ പോയിട്ട് മറ്റേ പാര്‍ലമെന്റൊക്കെ പൊട്ടിക്കുന്നത്.
എടാ, അതൊക്കെ ചാന്‍സുണ്ട് ട്ടോ. ഇന്ത്യയുടെ ഡെമോക്രസിയുടെ ആ ബുക്ക്, പാര്‍ലമെന്റ്, ഹൈക്കോടതി ഒക്കെ കത്തിക്കാന്‍ ചാന്‍സുണ്ട്.
കാരണം എന്താ? ഈ ജെന്‍ സികള്‍ പ്രൊട്ടസ്റ്റിന് ഇറങ്ങിയാല്‍ അങ്ങനെയൊരു പ്രശ്‌നമുണ്ട് ഡാ.
മറ്റേ ബാക്കിയുള്ള വലിയ ആള്‍ക്കാരൊക്കെ ഇറങ്ങിയിട്ടുണ്ടെങ്കില്‍ ഓല് കുട്ടികളെ മക്കളെയൊക്കെ ആലോചിക്കും. ഇവര്‍ക്ക് എന്ത് ആലോചിക്കാനാണ്?
അങ്ങോട്ട് അടിച്ചു .. കഴിഞ്ഞ കൊല്ലം നേപ്പാളിലെ ഇവിടെ കണ്ടില്ലേ, പാര്‍ലമെന്റിന്റെ മുമ്പില്‍ ആ പ്രധാനമന്ത്രി ഇരിക്കുന്ന അവിടെയൊക്കെ മൂത്രമൊഴിക്കുന്നത്, ഓരോരുത്തര് കിസ് അടിക്കുന്നത്?
അങ്ങനത്തെ പല പല സീന്‍ വരാനുണ്ട് ഡാ. പോയി പങ്കടുക്കടാ.
ഞാന്‍ ഇനി ഒരാഴ്ചയും കൂടി കഴിയട്ടെ, ഇതൊന്ന് മാറട്ടെടാ. അത് നല്ലതുപോലെ ഇരിക്കാന്‍ തന്നെ കഴിയില്ല, അടിയില്‍ സ്‌പോഞ്ച് വെച്ചാണ് ഇരിക്കുന്നത്, അറിയോ?
എല്ലിന് പ്രശ്‌നമാടാ. കളിക്കാന്‍ പോലും ഒരു കളിച്ചിട്ട് എത്ര കാലമായി എന്നറിയോ?
എന്തായാലും സാധനം തീരാതിരുന്നാല്‍ മതിയായിരുന്നു.
അങ്ങനെയല്ല, സംഭവം സക്‌സസ് ആവട്ടെടാ. കണ്ടിട്ട് അതാട്ടോ തോന്നുന്നേ.

