വീണയുടേത് ദുർബലമായ കമ്പനി; പിടിച്ചുനിന്നത് സിഎംആര്‍എല്‍ ഫണ്ടിൽ: സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി

കൊച്ചി:സിഎംആര്‍എല്‍–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടു പുറത്തു വന്ന ഇ.ഡി റിപ്പോർട്ടിലുള്ളത് പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലേക്കു കടക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങൾ. കഴിഞ്ഞ മേയ് 27ന് വീണ വിജയന്‍, സിഎംആർഎൽ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ റെ‍യ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വിശദമായ റിപ്പോർട്ട് ഇ.ഡി പിഎംഎൽഎ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു മുന്നിൽ സമർപ്പിക്കും.

വീണയുടെ അക്കൗണ്ടിനു പുറമേ എക്സാലോജിക് പ്രൈവറ്റ് ലിമിറ്റഡിന്റെയും ലേക്കർ ഇന്ത്യ കോർപ് എന്ന കമ്പനിയുടെയും അക്കൗണ്ടുകളാണു മരവിപ്പിക്കുന്നതിനായി ഇ.ഡി റിപ്പോർട്ടിലുള്ളത്. ഈ അക്കൗണ്ടുകൾ ഇ.ഡി ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. മൂന്ന് അക്കൗണ്ടുകളുടേയും രേഖകൾ മേയ് 27ന് നടത്തിയ റെയ്ഡിൽ വീണയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തെന്നും ഈ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതായും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു. വീണയുടെ അക്കൗണ്ടിൽ 1,37,088 രൂപയും എക്സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയും ലേക്കർ ഇന്ത്യ കോർപിന്റെ അക്കൗണ്ടിൽ 15,57,414 രൂപയും ഉണ്ടായിരുന്നതായി ഇ.ഡി പറയുന്നു.

സിഎംആർഎലുമായി ബന്ധപ്പെട്ട് മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കര്‍ത്ത 182 കോടി രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നിടത്താണ് എക്സാലോജിക്കിന്റെ കാര്യവും പറയുന്നത്. ‘‘യഥാർഥ സേവനങ്ങളോ അനുബന്ധ ഇൻവോയ്സുകളോ ഇല്ലാതെ സ്വയം തയാറാക്കിയ വൗച്ചറുകൾ ഉപയോഗിച്ച് 139 കോടി രൂപയുടെ വ്യാജ ചെലവുകളുടെ രേഖയുണ്ടാക്കി. വെണ്ടർമാർ വഴി ഓവർ-ഇൻവോയ്സിങ് നടത്തി. കമ്മിഷൻ കഴിച്ച് ബാക്കി തുകയായ 43 കോടി വെണ്ടർമാർ സിഎംആർഎൽ ഉദ്യോഗസ്ഥർക്കു തന്നെ തിരികെ നൽകി’’ – രേഖയിൽ പറയുന്നു. ഇതിനൊപ്പമാണ്, സിഎംആർഎലിനു യഥാർഥത്തിൽ യാതൊരു സേവനവും നൽകാതെ വീണ വിജയനും അവരുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനും സോഫ്റ്റ്‌വെയർ സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപ വ്യാജമായി നൽകി എന്നു പറഞ്ഞിരിക്കുന്നത്.

ഇ.ഡി റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: ‘‘പിഎംഎൽഎ സെക്‌ഷൻ 50 പ്രകാരം 2024 ഏപ്രിൽ 17നു രേഖപ്പെടുത്തിയ മൊഴിയനുസരിച്ച് വെണ്ടർമാർക്ക് പണം കൈമാറിയതും അതു പണമായി പിൻവലിച്ച് യഥാർഥ ചെലവുകളില്ലാതെ തനിക്കോ തന്റെ സഹായികൾക്കോ തിരികെ നൽകിയതും ശശിധരൻ കർത്ത സമ്മതിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തി ബന്ധം പരിഗണിച്ച് യാതൊരു സേവനവും നൽകാതെ തന്നെ വീണ, എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കു പണം നൽകിയതായും അദ്ദേഹം സമ്മതിച്ചു.

നൽകാത്ത സേവനങ്ങൾക്കായി വീണ, എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്ക് 2.78 കോടി രൂപയുടെ വ്യാജ പേയ്‌മെന്റുകൾ നൽകി. സിഎംആർഎലിനു സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നത് വീണ ഉൾപ്പെടെയുള്ളവരുടെ മൊഴികളിലൂടെയും ശശിധരൻ കർത്തയുടെയും മറ്റുള്ളവരുടെയും കുറ്റസമ്മതത്തിലൂടെയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ ലഭിച്ച 2.78 കോടി രൂപയ്ക്ക് പകരമായി സിഎംആർഎലിനായി നൽകിയ സേവനങ്ങളുടെ വിവരങ്ങൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞില്ല.’’

ഇ.ഡി റിപ്പോർട്ടിലുള്ളത്: ‘‘66 ലക്ഷം രൂപയുടെ നെഗറ്റീവ് വളർച്ചയും 5 ലക്ഷം രൂപയുടെ വളരെ കുറഞ്ഞ ബിസിനസ് വിറ്റുവരവുമുള്ള വളരെ ദുർബലമായ സാമ്പത്തിക അടിത്തറയിലാണ് എക്സാലോജിക് സൊല്യൂഷൻസ് പ്രവർത്തിച്ചിരുന്നത്. ഇതിനാൽ സിഎംആർഎലിൽനിന്നു ലഭിച്ച ഫണ്ടുകളെ കമ്പനിക്കു പൂർണമായും ആശ്രയിക്കേണ്ടി വന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്പ നൽകി’.

സിഎംആർഎൽ കമ്പനിയുടെ ഡയറക്ടർമാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട ഏകദേശം 26 കോടി രൂപ ഉൾപ്പെടെ, കേസിൽ പ്രതികളായ 12 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമായി ഏകദേശം 29 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി മരവിപ്പിച്ചത്. ഇതിനു പുറമേ കർത്തയുടെ മൊഴി, അന്വേഷണ രേഖകൾ, മരവിപ്പിച്ച സ്വത്തുക്കളുടെ വിവരങ്ങൾ തുടങ്ങിയവയും ഇ.ഡി പിഎംഎൽഎ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. മരവിപ്പിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനു മുന്നോടിയായുള്ള നടപടിയാണിത്. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു മുന്നിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ വീണ അടക്കമുള്ളവർക്ക് അവസരമുണ്ടാകും. തുടർന്നായിരിക്കും പിഎംഎൽഎ കോടതിയിലേക്ക് കേസ് നീങ്ങുക.

 

Leave a Reply

Your email address will not be published. Required fields are marked *