21കാരിക്കെതിരായ പോക്സോ കേസ് പ്രതികാരത്തിൽ കെട്ടിച്ചമച്ചത്; തുടർനടപടി അവസാനിപ്പിച്ച് കോടതി

മൂവാറ്റുപുഴ: 21 കാരി എട്ടുവയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ തുടർനടപടി അവസാനിപ്പിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് ജഡ്ജി എ. സമീർ കുറ്റാരോപിതയ്ക്കെതിരെയുള്ള നടപടികൾ അവസാനിപ്പിക്കാൻ പൊലീസിന് അനുമതി നൽകിയത്. യുവാവിനെതിരെ യുവതി പീഡനപരാതി നൽകിയതിന്റെ പ്രതികാരം തീർക്കാനാണ് യുവതിക്കെതിരെ പീഡനപരാതി നൽകിയത്.

യുവാവിനെതിരെ യുവതി പീഡനപരാതി നൽകിയതിനു പിന്നാലെയാണ് എട്ടു വയസ്സുകാരനെ യുവതി ലൈംഗികമായി അതിക്രമിച്ചുവെന്ന് പരാതി നൽകുന്നത്. ബന്ധുവിനെതിരെ പീഡന പരാതി നൽകിയതിന്റെ വിരോധമാണ് വ്യാജ പരാതിക്കു പിന്നിലെന്നും പോലീസ് കണ്ടെത്തി. തുടർന്ന് കേസ് റദ്ദ് ചെയ്യണമെന്ന ശുപാർശയോടെ കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇരയെന്നു പറയുന്ന ആൺകുട്ടിയുടെയും പരാതിക്കാരിയായ അമ്മയുടെയും മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന വീട്ടിലല്ല പരാതിക്കാർ താമസിച്ചിരുന്നതെന്നും അവിടെ യുവതി എത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. യുവതി പീഡനം ആരോപിച്ച യുവാവും ഇരയെന്ന് പറയുന്ന ആൺകുട്ടിയുടെ അമ്മയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി.

2021 ഏപ്രിൽ 15 മുതൽ മേയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് 2022 സെപ്റ്റംബർ നാലിനാണ് ഉരുളൻതണ്ണി സ്വദേശിനിയായ അമ്മ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയത്. ആൺകുട്ടിയുടെ അമ്മയുടെ ബന്ധുവിനെതിരെ യുവതി പീഡനപരാതി നൽകിയതിന്റെ വിരോധത്തിൽ യുവതിക്കെതിരെ വ്യാജ പരാതി നൽകിയതാണെന്ന് പോലീസ് തുടരന്വേഷണത്തിൽ കണ്ടെത്തി. കേസിൽ യുവാവിനെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.

ജില്ലയിലാദ്യമായാണ് കോടതിയിലെത്തിയ പോക്സോ കേസ് വ്യാജമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതും നടപടി അവസാനിപ്പിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *