1 കിലോമീറ്റർ ഉയരത്തിൽ ഒരു അത്ഭുതം! ബുർജ് ഖലീഫയെക്കാൾ 180 മീറ്റർ ഉയരം; ലോകത്തിന്റെ കിരീടം ഇനി സൗദി അറേബ്യയ്ക്ക്

ലോകത്തിലെ ഏറ്റവും ഉയർന്ന അംബരചുംബിയെന്ന ചരിത്രപരമായ അപൂർവ നേട്ടത്തിലേക്ക് കുതിച്ചുയർന്ന് സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ ജിദ്ദ ടവർ. പ്രകൃതി പ്രതിസന്ധികളെയും കോവിഡ് സൃഷ്ടിച്ച വലിയ ഇടവേളകളെയും തരണം ചെയ്ത്, അത്യാധുനിക സാങ്കേതികവിദ്യയുടെയും എൻജിനീയറിങ് മികവിന്റെയും കരുത്തിൽ ഉത്തര ജിദ്ദയിൽ ഈ കൂറ്റൻ ടവറിന്റെ നിർമാണ പ്രവൃത്തികൾ അതിവേഗം മുന്നേറുകയാണ്. നിലവിൽ കെട്ടിടത്തിന്റെ 107-ാം നിലയുടെ നിർമാണം പൂർത്തിയായതായും തറനിരപ്പിൽ നിന്നുള്ള ഉയരം 430 മീറ്റർ കവിഞ്ഞതായും പ്രമുഖ സൗദി വ്യവസായിയും കിങ്ഡം ഹോൾഡിങ് കമ്പനി ചെയർമാനുമായ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ ഔദ്യോഗികമായി അറിയിച്ചു.

നിർമാണ സ്ഥലം നേരിട്ട് സന്ദർശിച്ച ശേഷമാണ് അൽവലീദ് രാജകുമാരൻ വിവരങ്ങൾ പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും ഉയർന്ന നിർമിതി എന്ന ലക്ഷ്യം നിശ്ചിത സമയത്തിനുള്ളിൽ സൗദി അറേബ്യ കൈവരിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഘടനാപരമായ വെല്ലുവിളികളെ അതിജീവിച്ച് കെട്ടിടം അതിവേഗം ആകാശത്തേക്ക് ഉയർന്നുകൊണ്ടിരിക്കുന്നത് സൗദിയുടെ സാമ്പത്തിക മേഖലയ്ക്കും നിർമാണ രംഗത്തിനും ഒരുപോലെ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

പൂർണ്ണമായി നിർമാണം പൂർത്തിയാകുമ്പോൾ 1,000 മീറ്ററിലധികം (1 കിലോമീറ്ററിലധികം) ഉയരം കൈവരിക്കുന്ന ജിദ്ദ ടവർ, നിലവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയേക്കാൾ കുറഞ്ഞത് 180 മീറ്ററെങ്കിലും കൂടുതൽ ഉയരമുള്ളതായിരിക്കും. തറനിരപ്പിന് മുകളിൽ 200ലേറെ നിലകളും രണ്ട് ഭൂഗർഭ നിലകളും ഉൾപ്പെടുന്നതാണ് ഈ അതിവിശിഷ്ട നിർമിതി. നിർമാണം പൂർത്തിയാകുന്നതോടെ 1 കിലോമീറ്റർ ഉയരം മറികടക്കുന്ന ലോകത്തിലെ ആദ്യത്തെ കെട്ടിടം എന്ന ചരിത്രനേട്ടവും ജിദ്ദ ടവർ സ്വന്തമാക്കും.

നിലവിൽ അതിവേഗത്തിലാണ് നിർമാണ ജോലികൾ പുരോഗമിക്കുന്നത്. വെറും അഞ്ചു ദിവസം കൊണ്ട് ഒരു നില എന്ന രീതിയിലാണ് നിർമാണം മുന്നോട്ടുപോകുന്നത്. കിങ്ഡം ഹോൾഡിങ് കമ്പനിയുടെ കണക്കനുസരിച്ച് ഏകദേശം 5,200 ഓളം തൊഴിലാളികളാണ് സർവ്വസജ്ജരായി എറൗണ്ട് ദ ക്ലോക്ക് രീതിയിൽ സൈറ്റിൽ പ്രവർത്തിക്കുന്നത്. പ്രധാന കോൺക്രീറ്റ് ഘടനയുടെ നിർമാണത്തിനൊപ്പം തന്നെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികളും പുറംഭാഗത്തെ അലുമിനിയം-ഗ്ലാസ് ക്ലാഡിങ് പ്രവൃത്തികളും സമാന്തരമായി നടന്നു വരുന്നു.

നിർമാണ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. യാതൊരുവിധ അപകടങ്ങളോ മറ്റ് തടസ്സങ്ങളോ ഇല്ലാതെ തുടർച്ചയായി 80 ലക്ഷം തൊഴിൽ മണിക്കൂറുകൾ പൂർത്തിയാക്കാൻ സാധിച്ചത് പദ്ധതിയുടെ സുരക്ഷാ മാനേജ്‌മെന്റിന്റെ ഉയർന്ന ഗുണമേന്മ തെളിയിക്കുന്നു. എൻജിനീയറിങ് സുരക്ഷയിലും ക്വാളിറ്റി കൺട്രോളിലും അന്താരാഷ്ട്ര നിലവാരമാണ് ഇവിടെ പിന്തുടരുന്നത്.

ലോക പ്രശസ്തമായ ദുബായിലെ ബുർജ് ഖലീഫയുടെ ആർക്കിടെക്റ്റായ അമേരിക്കൻ സ്വദേശി അഡ്രിയാൻ സ്മിത്താണ് ജിദ്ദ ടവറിന്റെയും മാസ്റ്റർ പ്ലാനും രൂപകൽപനയും നിർവ്വഹിച്ചിരിക്കുന്നത്. 2013 ഏപ്രിലിലാണ് ടവറിന്റെ പ്രാഥമിക നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ, പ്രധാന കരാറുകാരുമായുള്ള ചില സാങ്കേതിക തടസ്സങ്ങളും തുടർന്നുണ്ടായ കോവിഡ്-19 മഹാമാരിയും കാരണം 2018 ജനവരിയിൽ 63-ാം നിലയിൽ എത്തിനിൽക്കെ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കേണ്ടി വന്നിരുന്നു.

തുടർന്ന് നീണ്ട അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം, പുതിയ നിർമാണ കരാറുകളോടെയും കൂടുതൽ തന്ത്രപ്രധാനമായ ആസൂത്രണത്തോടെയും പദ്ധതി പുനരാരംഭിച്ചു. 2025 ജനുവരിയോടെ അതിവേഗ നിർമാണം വീണ്ടും ആരംഭിക്കുകയും 2026 ഏപ്രിലിൽ നൂറാം നില പിന്നിടുകയും ചെയ്തു. നിലവിൽ 107 നിലകളിൽ എത്തിനിൽക്കുന്ന കെട്ടിടത്തിന്റെ പണികൾ 2028ഓടെ പൂർണ്ണമായും പൂർത്തിയാകുമെന്ന് ജിദ്ദ ഇക്കണോമിക് കമ്പനി സിഇഒ ത്വലാൽ അൽമുഐമാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ചെങ്കടൽ തീരത്ത് 5.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വൻകിട നഗര പദ്ധതിയായി വികസിപ്പിക്കുന്ന ‘ജിദ്ദ ഇക്കണോമിക് സിറ്റി’യുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് ഈ അംബരചുംബി. ഏതാണ്ട് 2,000 കോടി അമേരിക്കൻ ഡോളർ (അതായത് 7,500 കോടി സൗദി റിയാൽ / ഏകദേശം 1.67 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ഈ വൻകിട പദ്ധതിയുടെ ഒന്നാം ഘട്ടത്തിലാണ് ജിദ്ദ ടവർ ഉൾപ്പെടുത്തിയിരിക്കുന്നത്.

വെറുമൊരു കെട്ടിടം എന്നതിലുപരി ഒരു സമ്പൂർണ്ണ സിറ്റിയുടെ സൗകര്യങ്ങളാണ് ടവറിനുള്ളിൽ ഒരുക്കുന്നത്. ആഡംബര റസിഡൻഷ്യൽ യൂണിറ്റുകൾ, വൻകിട വാണിജ്യ കേന്ദ്രങ്ങൾ, അത്യാധുനിക കോർപ്പറേറ്റ് ഓഫിസുകൾ, ലോകോത്തര ‘ഫോർ സീസൺസ്’ ആഡംബര ഹോട്ടൽ, സർവീസ് അപ്പാർട്മെന്റുകൾ എന്നിവ ജിദ്ദ ടവറിലുണ്ടാകും. കൂടാതെ, തറനിരപ്പിൽ നിന്ന് 600 മീറ്ററിലധികം ഉയരത്തിൽ സജ്ജീകരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന ‘ഒബ്സർവേഷൻ ഡെക്ക്’ സന്ദർശകർക്ക് ഒരുക്കുന്ന സമാനതകളില്ലാത്ത അനുഭവം ആയിരിക്കും.

സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വൻ കുതിപ്പേകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കാനും ആഗോള നിക്ഷേപകരെയും വിനോദസഞ്ചാരികളെയും സൗദിയിലേക്ക് ആകർഷിക്കാനും ജിദ്ദ ടവർ ഒരു പ്രധാന ലാൻഡ്‌മാർക്കായി മാറും. സൗദിയുടെ എഞ്ചിനീയറിങ് കരുത്തിന്റെയും ഭാവി കാഴ്ചപ്പാടിന്റെയും അടയാളമായി ഈ ആകാശഗോപുരം ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *