കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; സംസ്ഥാനത്തെ മരണം 41 ആയി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം. കൊയിലാണ്ടി സ്വദേശി ബിജുവാണ് മരിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ബിജു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് ജൂലൈ 23-നാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

രോഗബാധയുടെ ഉറവിടം വ്യക്തമല്ല. പൊതുജലാശയങ്ങളിലോ കുളങ്ങളിലോ കുളിക്കുന്ന ശീലമില്ലാതിരുന്ന വ്യക്തിയായതിനാൽ എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇയാളുടെ രോഗബാധയെ തുടർന്ന് പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് ക്ലോറിനേഷൻ നടപടികളും പൂർത്തിയാക്കി.

സംസ്ഥാനത്ത് ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂലൈ 25 വരെ 40 പേർ മരണപ്പെട്ടതായാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. 154 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മാസം മാത്രം 13 പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ അമീബിക് മസ്തിഷ്കജ്വരം വൻതോതിൽ വർധിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 201 പേർക്ക് രോഗം ബാധിക്കുകയും 47 പേർ മരിക്കുകയും ചെയ്തിരുന്നു. 2024-ൽ 29 രോഗബാധയും 7 മരണവും 29 സംശയിക്കപ്പെട്ട കേസുകളും ഒരു സംശയ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ആഗോള അടിസ്ഥാനത്തിൽ 97-99% വരെ മരണസാധ്യത കണക്കാക്കപ്പെടുന്ന അസുഖത്തെ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നു എന്നതാണ് ആരോഗ്യവകുപ്പിന്റെ ഏക ആശ്വാസം. കേരളത്തിൽ നിലവിൽ 25.97% ആണ് മരണനിരക്ക്.

എന്താണ് അമീബിക് മെനിഞ്ചൈറ്റിസ്?

ജലാശയങ്ങളിൽ കാണപ്പെടുന്ന അമീബകൾ മനുഷ്യന്റെ തലച്ചോറിൽ പ്രവേശിക്കുന്നതാണ് അമീബിക് മസ്തിഷ്കജ്വരത്തിന് കാരണമാകുന്നത്. വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോഴും അല്ലാതെയും മൂക്കിൽ വെള്ളം കയറുന്നതിലൂടെയാണ് അമീബ തലച്ചോറിൽ പ്രവേശിക്കുക. കെട്ടിനിൽക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന രോഗകാരികളായ നെഗ്ലേറിയ ഫൗലേറി, അക്കാന്തമീബ, ബാലമുത്തിയ അടക്കമുള്ള അമീബകളാണ് രോഗം പരത്തുന്നത്. അതിനാൽ ജലാശയങ്ങളിലും സ്വിമ്മിങ് പൂളുകളിലും കുളിക്കുമ്പോഴും നീന്തുമ്പോഴും ജാഗ്രത വേണം.

പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസിന് അമീബ ശരീരത്തിൽ പ്രവേശിച്ച് 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. എന്നാൽ, ഗ്രാനുലോമാറ്റസ് അമീബിക് മെനിഞ്ചൈറ്റിസിന് ആഴ്ചകൾക്ക് ശേഷമാണ് ലക്ഷണങ്ങൾ പ്രകടമാവുക. 2024 ഓഗസ്റ്റിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സംസ്ഥാനത്ത് ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് രോഗമുക്തി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ തന്നെ ആദ്യമായിരുന്നു ഇത്.

പകരുന്നത് എങ്ങനെ?

അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെയാണ് രോഗാണു തലച്ചോറിൽ പ്രവേശിക്കുന്നത്. മുങ്ങിയും ചാടിയും കുളിക്കുമ്പോഴുണ്ടാകുന്ന സമ്മർദത്തിൽ ജലാശയങ്ങളിലെ വെള്ളം മൂക്കിലൂടെ നേസൽ മ്യൂക്കോസ വഴി മൂക്കിനും തലച്ചോറിനും ഇടയിലെ നേർത്ത ക്രിബ്രിഫോം പ്ലേറ്റിലെ ചെറിയ വിള്ളലിലൂടെ തലച്ചോറിലേക്ക് കടക്കുന്നു. കുട്ടികളിൽ ക്രിബ്രിഫോം പ്ലേറ്റ് വളരെ നേർത്തതും പൂർണമായും അടയാത്തതുമാകാം കൂടുതലും കുട്ടികളെ ബാധിക്കാൻ കാരണം. തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതുകൊണ്ട് നേരത്തെ ഇത് ‘ബ്രെയിൻ ഈറ്റിങ് അമീബ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

Leave a Reply

Your email address will not be published. Required fields are marked *