ഉമിനീരിൽനിന്നുൾപ്പെടെ മയക്കുമരുന്ന്​ കണ്ടെത്തും; പരിശോധന കിറ്റുമായി എക്​സൈസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി എക്സൈസ് വകുപ്പ്. ഉമിനീരടക്കമുള്ള ശരീര സ്രവങ്ങൾ പരിശോധിച്ചുകൊണ്ട് അതിവേഗം മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ സാധിക്കുന്ന ആധുനിക പരിശോധന കിറ്റുകളാണ് എക്സൈസ് വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

എക്സൈസ് വകുപ്പിന്‍റെ ലഹരിവിരുദ്ധ കർമപദ്ധതിയായ ‘മയങ്ങില്ല കേരള’ത്തിന്‍റെ ഭാഗമായി മയക്കുമരുന്നിന്‍റെ ഉപയോഗവും സാന്നിധ്യവും കണ്ടെത്താൻ എല്ലാ ജില്ലകളിലേക്കും ‘ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ’ വിതരണം ചെയ്തു. എക്സൈസ് കമീഷണറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി എം. ലിജു ഡെപ്യൂട്ടി എക്സൈസ് കമീഷണർമാർക്കാണ് കിറ്റുകൾ നൽകിയത്. സാമൂഹിക പരിവർത്തനശക്തിയായി എക്സൈസിനെ മാറ്റുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി പറഞ്ഞു

. ഡിറ്റക്ഷൻ കിറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം 41 വാഹനങ്ങളും എക്സൈസിന്​ ഉടൻ കൈമാറും. കെമിക്കൽ ലബോട്ടറി പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരിശോധനക്കായുള്ള നാല് പ്രത്യേകതരം കിറ്റുകളാണ് കൈമാറിയത്. കേസുകൾ കണ്ടെത്തുന്ന വേളയിൽ പിടിച്ചെടുക്കുന്ന നിരോധിത വസ്തുക്കളിൽ കൊക്കെയ്ൻ, മെത്താംഫെറ്റാമിൻ, ഓപിയം, മോർഫിൻ, കോഡീൻ, ഹെറോയിൻ, മെസ്കലൈൻ, ഹാഷിഷ് ഓയിൽ, മെത്താക്വലോൺ തുടങ്ങിയ മയക്കുമരുന്നുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനാണ് ആദ്യ പരിശോധനാ കിറ്റ്​ രൂപകൽപന ചെയ്തിട്ടുള്ളത്​. കെറ്റാമിനിന്‍റെ സാന്നിധ്യം കണ്ടെത്താൻ വികസിപ്പിച്ചതാണ്​ രണ്ടാമത്തേത്​.

മയക്കുമരുന്നുകളുടെ അനധികൃത നിർമാണത്തിന്​ ഉപയോഗിക്കുന്ന പ്രീകഴ്സർ രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാനുള്ള പരിശോധനാ കിറ്റാണ് മൂന്നാമത്തേത്​. ഉമിനീർ അധിഷ്ഠിതമായ 8-ഇൻ-1 മൾട്ടി-ഡ്രഗ് റാപിഡ് ടെസ്റ്റ് കിറ്റും ലഭ്യമാക്കി. മയക്കുമരുന്നുകളുടെ സമീപകാല ഉപയോഗം അതിവേഗം കണ്ടെത്താൻ സഹായിക്കുമെന്നാണ്​ കിറ്റുകളുടെ പ്രത്യേകത​. ഇതിലൂടെ നിയമപാലനവും അന്വേഷണ പ്രവർത്തനങ്ങളും കൂടുതൽ ശാസ്ത്രീയവും ഫലപ്രദവുമാകുമെന്നാണ് എക്സൈസിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *