അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ കേസ്; വയനാട് സ്വദേശിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം

വടകര: എം.ഡി.എം.എയുമായി ബന്ധപ്പെട്ട് അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ, പണമിടപാട് നടത്തിയവർക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ. ടി). അറസ്റ്റിലായ അധ്യാപികമാരുമായും ഇരിട്ടി സ്വദേശിയുമായും സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. പേരാമ്പ്ര ബി.ആർ.സി അധ്യാപികമാരായ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ, ആവള കുട്ടോത്ത് സ്വദേശി നീഷ്മ, ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് എന്നിവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവർ എം.ഡി.എം.എ വിൽപനക്കാരാണോ, ഉപഭോക്താക്കളാണോയെന്ന് ഇവരുടെ ഇടപാടുകൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് എസ്.ഐ.ടി ശ്രമിക്കുന്നത്.

വലിയ പണമിടപാടുകൾ നടത്തിയവർ പ്രധാന കണ്ണികളാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ജിജിൻ കുര്യാക്കോസ് ആറു മാസത്തിനിടെ നടത്തിയ ഒരു കോടിയിലധികം രൂപയുടെ ഇടപാട് അടിസ്ഥാനമാക്കി, ലഹരി ഇടപാടിൽ വമ്പൻ സ്രാവുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് എസ്.ഐ.ടി. ലഹരിയുടെ മൊത്ത കച്ചവടക്കാർ ഉൾപ്പെടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിൽ അധ്യാപികമാരടക്കമുള്ളവരുമായി പണമിടപാട് നടത്തിയവരെ പ്രത്യേകം വേർതിരിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

കൂടാതെ ജിജിൻ കുര്യാക്കോസിന്റെ കൂട്ടാളിയായി പ്രവർത്തിച്ച വയനാട് സ്വദേശിയെ കണ്ടെത്താനും അന്വേഷണം ഊർജിതമാക്കി. ഇയാൾ നാടുവിട്ടെന്ന നിഗമനത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ജിജിന്റെ അക്കൗണ്ടിൽ ലഭിച്ച പണം കൂടുതലായും കൈമാറിയത് വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ്. ഇയാളാണോ അധ്യാപികമാരടക്കമുള്ള പ്രതികളെ നിയന്ത്രിച്ചിരുന്നതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *