കൊച്ചി: മെനസ്ട്രൽ കപ്പിനുള്ളിൽ രാസലഹരി നിറച്ച് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 94.032 ഗ്രാം എം.ഡി.എം.എ എക്സൈസ് പിടിച്ചെടുത്തു.
നേരത്തേ, ഹോംനഴ്സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷാഫി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. മുഹമ്മദ് ഷാഫിയെ 65.27 ഗ്രാം എം.ഡി.എം.എയുമായി എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജിൽനിന്നാണ് എക്സൈസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽനിന്ന് ലഹരിവസ്തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും ലോഡ്ജുകളിൽ മുറിയെടുത്ത് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
മെൻസ്ട്രൽ കപ്പിൽ എം.ഡി.എം.എ നിറച്ച് പശവച്ച് അടച്ചശേഷം ഇതു സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തുകയാണ് സരിതയുടെ രീതി. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയുമായി ഇരുവരും ബസിൽ വരുന്ന വഴി കണ്ണൂർ ഇരിട്ടിയിൽ പരിശോധന നടന്നിരുന്നു. തുടർന്ന് ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും സരിത മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നതിനാൽ എക്സൈസ് പരിശോധനയിൽ ലഹരി കണ്ടെത്താനായില്ല. തുടർന്ന് ഈ രാസലഹരിയുമായാണ് ഇരുവരും എറണാകുളത്ത് വിൽപ്പനക്കായി എത്തുകയായിരുന്നു.
എറണാകുളത്തെ മുറിയിൽ എക്സൈസ് പരിശോധന നടക്കുമ്പോൾ സരിത ആലപ്പുഴയിൽ എം.ഡി.എം.എ വിൽക്കാൻ പോയിരിക്കുകയായിരുന്നു. തുടർന്ന് എറണാകുളത്ത് എത്തിയ സരിതയെ രാത്രി 10.30 യോടെ പിടികൂടുകയായിരുന്നു. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ വിൽപ്പനക്കായി കൊണ്ടുപോയ എം.ഡി.എം.എ ആലപ്പുഴയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടർന്ന് എക്സൈസ് സംഘം പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുക്കുകയായിരുന്നു. ഇവരിൽനിന്ന് 94.032 ഗ്രാം എം.ഡി.എം.എയും മൊബൈൽ ഫോണും ലഹരി വിൽപനയിൽനിന്ന് ലഭിച്ച 17,770 രൂപയും എക്സൈസ് പിടിച്ചെടുത്തു. ഇവരിൽനിന്ന് എം.ഡി.എം.എ വാങ്ങിയ ആളുകളെക്കുറിച്ചും എക്സൈസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

