രക്തദാനത്തിന്‍റെ പേരിൽ പണം തട്ടിയതായി പരാതി

കൊച്ചി: രോഗികൾക്ക് രക്തദാനം ചെയ്യാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്ന് രക്തം ദാനം ചെയ്യാമെന്ന് പറഞ്ഞ് യാത്രാച്ചെലവിനും ഭക്ഷണത്തിനും പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ കുന്നംകുളം സ്വദേശിയുടെ പക്കൽനിന്ന് വ്യാഴാഴ്ച പണം തട്ടിയെുടത്തായാണ് വിവരം. പിന്നാലെ ബന്ധുക്കൾ നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു.

വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ്കാർ പ്രവർത്തിച്ചിരുന്നത്. രക്തം വേണ്ടവരെ ഫോണിൽ സമീപിച്ച് വാഗ്ദാനം നൽകുകയും വണ്ടിക്കൂലിക്കും ഭക്ഷണത്തിനും മൂന്‍കൂറായി പണം ആവശ‍്യപ്പെടുകയും ചെയ്യും. 1000 രൂപ മുതലുള്ള ചെറിയ തുകകളാണ് ഇവർ തട്ടിയെടുത്തിരുന്നത്. പിന്നീട് രക്തം നൽകേണ്ട ദിവസം രോഗിയുടെ ബന്ധുക്കളോട് ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്നും കണ്ടെത്താനായില്ലെന്നും പറഞ്ഞ് ഇവർ രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *