നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ ∙ കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെ നടി തൃഷയെ മുഖ്യമന്ത്രി വിജയുമായി ചേർത്തുള്ള  അശ്ലീല പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ 6 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ചെയ്യാനായി നീലാങ്കരയിലെ ഉദയനിധിയുടെ വീട്ടിൽ രാവിലെ പൊലീസെത്തിയത്. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ പരാമർശത്തിലാണ് കേസെടുത്തത്.

അറസ്റ്റ് തടയാൻ മദ്രാസ് ഹൈക്കോടതിയിൽ ഡിഎംകെ അടിയന്തര ഹർജി ഫയൽ ചെയ്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് കോടതി കേസ് പരിഗണിക്കും. ഉച്ചവരെ ഉദയനിധിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനുമുൻപ് പ്രതിപക്ഷ നേതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തഞ്ചാവൂരിൽ സംഘടിപ്പിച്ച ഡിഎംകെ പരിപാടിയിൽ വച്ചാണ് വിജയിയെയും തൃഷയെയും ബന്ധപ്പെടുത്തി ഉദയനിധി അശ്ലീല പരാമർശം നടത്തിയത്. പ്രസംഗത്തിനു പിന്നാലെ ടിവികെയുൾപ്പടെയുള്ള പാർട്ടികൾ ഉദയനിധിയെ വിമർശിച്ചു.

സ്ത്രീയെ അപമാനിച്ച് സംസാരിക്കുക, പൊതുസ്ഥലത്തും മീറ്റിങ്ങിലും അശ്ലീല പരാമർശം നടത്തുക, ഭീഷണിപ്പെടുത്തൽ, മനഃപൂർവം വ്യക്തിഹത്യ നടത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് തഞ്ചാവൂർ ഈസ്റ്റ് പൊലീസ്  പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *