രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇ20 പെട്രോൾ നയത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെ, സമൂഹമാധ്യമത്തിൽ വ്യത്യസ്തമായ പ്രതികരണവുമായി നടൻ സണ്ണി വെയ്ൻ. CH₃–CH₂–OH എന്ന കെമിക്കൽ ഫോർമുല മാത്രം ഉൾപ്പെടുത്തി താരം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചകൾക്കും കടുത്ത സൈബർ ആക്രമണങ്ങൾക്കും വഴിവച്ചിരിക്കുന്നത്. എഥനോളിന്റെ രാസസൂത്രവാക്യം ആണ് താരം പങ്കുവച്ചത്.
സാധാരണ പെട്രോളിൽ 20 ശതമാനം വരെ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാരിന്റെ ഇ20 ഇന്ധന നയം വാഹനങ്ങളുടെ എൻജിൻ തകരാറിലാക്കുന്നുവെന്നും മൈലേജ് കുറയ്ക്കുന്നുവെന്നും ഉള്ള പരാതികൾ വാഹന ഉടമകൾക്കിടയിൽ ശക്തമാണ്. ഈ വിഷയത്തിൽ വലിയ തോതിലുള്ള ജനരോഷം നിലനിൽക്കുന്നതിനിടെയാണ് എഥനോളിന്റെ രാസസൂത്രവാക്യം മാത്രം പങ്കുവച്ചുകൊണ്ട് സണ്ണി വെയ്ൻ രംഗത്തെത്തിയത്. ഈ വിഷയത്തിലുള്ള പരോക്ഷമായ വിമർശനമായാണ് താരത്തിന്റെ പോസ്റ്റ് വ്യാഖ്യാനിക്കപ്പെടുന്നത്.
സണ്ണി വെയ്ന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമലോകത്ത് വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഇന്ധന നയത്തെ കളിയാക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ നടനെതിരെ കടുത്ത അധിക്ഷേപങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. നടന്റെ സിനിമ കാണില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ, സാധാരണക്കാരായ വാഹന ഉടമകൾ നേരിടുന്ന വലിയൊരു പ്രശ്നത്തിലേക്ക് സർക്കാസ്റ്റിക് രീതിയിൽ വിരൽ ചൂണ്ടിയ താരത്തെ പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.
പെട്രോളിലെ എഥനോൾ മിശ്രിതം മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് സണ്ണി വെയ്ന്റെ ഈ ഒറ്റ പോസ്റ്റോടെ സമൂഹമാധ്യമത്തിൽ വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. എന്നാൽ ഉയർന്നുവരുന്ന വിമർശനങ്ങൾക്കോ സൈബർ ആക്രമണങ്ങൾക്കോ താരം ഇതുവരെ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
