ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഭരണകൂടവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇറാൻവയർ’ ആണ് വാർത്ത പുറത്തുവിട്ടത്. മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ ഇറാന്റെ ഭരണതലപ്പത്ത് സജീവമാണെന്ന് വാർത്താ ഏജൻസിയായ എഎൻഐയും വ്യക്തമാക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി 28ന് യുഎസ് – ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മുജ്തബ ഖമനയിക്കും ഗുരുതരമായി പരുക്കേൽക്കുകയും മുഖത്തിന്റെ ആകൃതിക്ക് മാറ്റം വരികയും ചെയ്തിരുന്നു. തുടർന്ന് പിതാവിന്റെ സ്ഥാനത്തേക്ക് എത്തിയെങ്കിലും സുരക്ഷാ ഭീഷണികൾ കാരണം അദ്ദേഹം പൂർണമായും ഒളിവിൽ പോവുകയായിരുന്നു. അധികാരമേറ്റ ശേഷം ഇതുവരെ അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടില്ല.
ഇസ്രയേലിന്റെ ആക്രമണം ഭയന്ന് അതീവ സുരക്ഷിതമായ രഹസ്യകേന്ദ്രത്തിൽ കഴിയുന്ന അദ്ദേഹം, മധ്യസ്ഥരുടെ ഒരു വലിയ ശൃംഖല വഴിയാണ് നിലവിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത്. എഴുതി തയാറാക്കിയ പ്രസ്താവനകൾ മാത്രമാണ് അദ്ദേഹത്തിന്റേതായി പുറത്തുവരുന്നത്. മുജ്തബയുമായി നേരിട്ട് ബന്ധപ്പെടുന്നത് ഇപ്പോൾ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അടുത്തിടെ ഔദ്യോഗിക ടെലിവിഷൻ അഭിമുഖത്തിൽ സമ്മതിച്ചിരുന്നു. മുജ്തബ ഖമനയി നിലവിൽ ഇറാനിൽ ഇല്ലെന്ന് ഇസ്രയേലി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമമായ ‘അൽ-ഹദത്’ ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാന്റെ ഉന്നത സൈനിക നേതൃത്വം പൂർണമായും ഇല്ലാതാക്കപ്പെട്ടതായും വ്യോമാക്രമണത്തിനു ശേഷം ഖമനയി 90 ശതമാനവും ഇല്ലാതായ അവസ്ഥയിലാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ മുജ്തബ ഖമനയിക്ക് ഏറ്റ പരുക്കുകൾ നിസാരമാണെന്നാണ് ഇറാന്റെ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചത്. അദ്ദേഹം രാജ്യത്തിന്റെ തന്ത്രപ്രധാനമായ തീരുമാനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും ഭരണകൂടം അവകാശപ്പെട്ടിരുന്നു.

