മട്ടാഞ്ചേരി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പോലീസ് എത്തി. വീടിനുള്ളിൽനിന്ന് തെളിവുകൾ ശേഖരിക്കാനും ചോദ്യംചെയ്യുന്നതിനുമാണ് പോലീസ് എത്തിയതെന്നാണ് സൂചന. സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരേയാണ് ടി.ജി മോഹൻദാസ് വിദ്വേഷപരാമർശം നടത്തിയത്. സമരത്തിൽ പങ്കെടുത്ത യുവതികൾക്കെതിരേയും അദ്ദേഹം അധിക്ഷേപ പരാമർശം നടത്തിയിരുന്നു.
തിരുവനന്തപുരത്തുള്ള സൈബർ സെൽ സംഘമാണ് ടി.ജി മോഹൻദാസിന്റെ കൊച്ചി മട്ടാഞ്ചേരിയിലുള്ള വീട്ടിലെത്തിയത്. പത്ത് ദിവസം മുൻപാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിനാണ് അന്വേഷണ ചുമതല. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.
ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്ന മറ്റൊരു പരാമർശവും ഇയാൾ നടത്തിയിരുന്നു. ‘ഡൽഹിയിൽ ബലാത്സംഗം കൂട്ടബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറും’ എന്നും മോഹൻദാസ് മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു.
വിവാദപരാമർശത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ടി.ജി മോഹൻദാസിനെതിരേ നടപടികൾ സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

