കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു; പിതൃമോക്ഷ പുണ്യം തേടി ആയിരങ്ങൾ

പിതൃക്കളുടെ ആത്മശാന്തിക്കായി കേരളത്തില്‍ ഉടനീളമുള്ള പ്രദേശങ്ങളില്‍ ബലിയര്‍പ്പിച്ച് ആയിരങ്ങള്‍. കര്‍ക്കടവാവു ദിനത്തില്‍ ബലിതര്‍പ്പണ പുണ്യം തേടി വിശ്വാസികള്‍ പുലര്‍ച്ചെ മുതല്‍ ആലുവാ മണപ്പുറത്തും തിരുവല്ലത്തും പാപനാശത്തും എത്തി. സുരക്ഷയ്ക്കായി വലിയ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. അധികസര്‍വീസ് നടത്തുന്നു.

തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ രണ്ടുമണി മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. ഇവിടേയ്ക്ക് എത്തിച്ചേരാന്‍ വിപുലമായ ഗതാഗത സൗകര്യവും നല്‍കിയിട്ടുണ്ട്.

ഇന്നലെ സന്ധ്യമുതല്‍ ആലുവ മണപ്പുറത്ത് ഭക്തര്‍ എത്തിയിരുന്നു. വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പിതൃനമസ്‌കാരവും പൂജകളും പുരോഗമിക്കുകയാണ്. വലിയ ക്രമീകരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വലിയ വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ആലുവ മണപ്പുറത്ത് ആള്‍ക്കാര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ഇവിടെ വലിയ സൗകര്യമാണ് ഒരുക്കിയത്. ഉച്ചയ്ക്ക് രണ്ടുമണി വരെ ഇവിടെ തയ്യാറാക്കിയിട്ടുള്ള 80 ഓളം ബലിപ്പുരയില്‍ ചടങ്ങുകള്‍ നിര്‍വ്വഹിക്കാം. 450 ലധികം പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

വര്‍ക്കല പാപനാശം കടപ്പുറത്തും വലിയ തിരക്കാണ്. ദേവസ്വംബോര്‍ഡ് മണ്ഡപം ഒരുക്കിയിട്ടുണ്ട്. അവിടെയും തീരത്തും ചടങ്ങുകള്‍ നിര്‍വ്വഹിക്കാന്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് എത്തിയിട്ടുള്ളത്. കടലിലേക്ക് ആളുകളെ ഇറക്കിവിടുന്നില്ല. വലിയ തിരമാലകള്‍ക്കും കടല്‍ക്ഷോഭത്തിനും സാധ്യതാ മുന്നറിയിപ്പ് ഉണ്ട്. ലൈഫ്ഗാര്‍ഡും കോസ്റ്റുഗാര്‍ഡുമെല്ലാം സ്ഥലത്തുണ്ട്. ത്രിമൂര്‍ത്തി സംഗമവേദിയായ തിരുനാവായ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ഭക്തരുടെ ഒഴുക്കാണ്. ശക്തമായ സുരക്ഷാ സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.

തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 300 പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും ഇവിടെയുണ്ട്. ഭക്തര്‍ക്ക് വേണ്ട എല്ലാ സുരക്ഷയും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാത്രി മുതല്‍ ഇവിടെ ആളുകള്‍ ക്യൂവില്‍ നിന്നിരുന്നു. കൊല്ലം തിരുമുല്ലവാരത്തും തിരുവല്ലം പരശുരാമക്ഷേത്രത്തിലും പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ്. ഇവിടേയ്ക്ക് ജനങ്ങളുടെ വലിയ ഒഴുക്കാണ്. എല്ലായിടത്തേക്കും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നുള്ള കാലാവസ്ഥ മുന്നറിയിപ്പ് ഉള്ളതിനാല്‍ പൊലീസിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നാണ് നിര്‍ദേശം.

ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലിയിലും വലിയ തിരക്കാണ്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ജനങ്ങളുടെ നീണ്ട നിര ഇവിടെയുണ്ടായിരുന്നു. ബ്രഹ്മഗിരി മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന പാപനാശിനിയിലാണ് ഇവിടെ ബലി തര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നത്. 25 ഭക്തര്‍ക്ക് ഒരു കര്‍മ്മി എന്ന നിലയിലാണ് ഇവിടെ പിതൃപൂജ നടക്കുന്നത്. തര്‍പ്പണ കല്ലുകളിലാണ് ബലി അര്‍പ്പിക്കുന്നത്. വലിയ സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *