സർപ്പദോഷമെന്ന് ഭയപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയ സ്ത്രീകൾ അറസ്റ്റിൽ

അന്തിക്കാട്: പുൽതൈലം വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തി സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി ആറേമുക്കാൽ പവനോളം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനികളായ കൊള്ളിപറമ്പിൽ വീട്ടിൽ സുജാത (28), നടവരമ്പത്ത് വീട്ടിൽ റോജ (43) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം ആറിന് ഉച്ചക്ക് 1.20 ഓടെയാണ് കേസിനാസ്പദമായ സംഭവം. മണലൂർ പുത്തൻകുളം വല്ലത്തുപറമ്പിൽ വീട്ടിൽ സ്വർണലതയാണ് (70) തട്ടിപ്പിനിരയായത്. പുൽതൈലം വിൽക്കാനെന്ന വ്യാജേന പരാതിക്കാരിയുടെ വീട്ടിലെത്തിയ പ്രതികൾ, വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും രണ്ട് ദിവസത്തിനകം രണ്ടാമത്തെ മകൻ പാമ്പ് കടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു.

സർപ്പകോപം തീർക്കാൻ സ്വർണം കൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും തയാറാക്കി സമർപ്പിക്കണമെന്ന് പറഞ്ഞു. ഇതോടെ വീട്ടമ്മ കൈയിലുണ്ടായിരുന്നതും മൂത്തമരുമകളുടെ മാലയും ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങളും 6,500 രൂപയും വഴിപാടിനായി പ്രതികൾക്ക് കൈമാറി. 6,75,000 രൂപയുടെ നഷ്ടമാണ് ഇവർക്ക് സംഭവിച്ചത്. പ്രതികൾ പോയതിന് ശേഷമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇവർക്ക് മനസ്സിലായത്. തുടർന്ന് ഇവർ അന്തിക്കാട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സ്വർണം ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തൃശൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *