ക്ഷേത്രം ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവരാൻ ശ്രമം; പൂജാരി അറസ്റ്റിൽ

പത്തനംതിട്ട: ക്ഷേത്രം ജീവനക്കാരിയുടെ സ്വർണ്ണമാല കവരാൻ ശ്രമിച്ച സംഭവത്തിൽ പൂജാരിയെ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ കഴകം ജോലി ചെയ്യുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണ്ണ മാല മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിലാണ് പൂജാരി പിടിയിലായത്. ഇലന്തൂർ പൂക്കോട് ഗുരു മന്ദിരത്തിന് സമീപം മെട്ടയിൽ വീട്ടിൽ എംപി ബിജുമോൻ (52,) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.

വെള്ളിയാഴ്ച രാവിലെ 6:30ഓടെ ആയിരുന്നു സംഭവം നടന്നത്. പതിവായി ക്ഷേത്രം തുറന്ന് വൃത്തിയാക്കുന്നത് വിജയമ്മയാണ്. അന്നത്തെ ജോലി തുടരുന്നതിനിടയാണ് പൂജാരിയായ ബിജുമോൻ അതിക്രമം നടത്തിയത്. ക്ഷേത്രത്തിൽ നിന്നും കുറച്ച് അകലെ ഇരുചക്രവാഹനം നിർത്തിയിട്ട ശേഷം റബർതോട്ടം വഴി ഉള്ളിലെത്തിയ ഇയാൾ ക്ഷേത്രത്തിലെ പട്ടുടയാടയിൽ മുളകുപൊടി തട്ടിയിട്ട് വിജയമ്മയുടെ മുഖത്ത് അമർത്തി ശ്വാസം മുട്ടിക്കുകയായിരുന്നു.

തുടർന്ന് സ്വർണ്ണമാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം നടന്നെങ്കിലും വിജയമ്മ കുതറി മാറി ബഹളം വച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ തടഞ്ഞു വയ്ക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ആയിരുന്നു. വിജയമ്മയുടെ മൊഴിയിൽ പോലീസ് കേസെടുത്തു. അതേസമയം ഈ പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണെന്നാണ് പോലീസ് നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *