ഇനി വിജയിക്കൊപ്പം; ബി.ജെ.പി വിട്ടതിന് പിന്നാലെ നടൻ ദേവൻ ടി.വി.കെയിൽ ചേർന്നു
ദേവന്റെ ചാലക്കുടിയിലെ വീട്ടിലെത്തിയ ടി.വി.കെ പ്രതിനിധികളും നടി പ്രിയങ്കയും

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന് പിന്നാലെ പ്രമുഖ ചലച്ചിത്ര നടൻ ദേവൻ, വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേർന്നു. പാർട്ടിയുടെ കേരള സംസ്ഥാന അധ്യക്ഷനായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ദേവനും ടി.വി.കെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായതിന് ശേഷമുള്ള ദേവന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച ദേവന്റെ ചാലക്കുടിയിലെ വീട്ടിൽ ടി.വി.കെ തമിഴ്നാട് ഘടകത്തിൽ നിന്നുള്ള രണ്ട് നേതാക്കളാണ് അദ്ദേഹത്തെ കാണനെത്തിയത്. അവർക്കൊപ്പം നടി പ്രിയങ്കയുമുണ്ടായിരുന്നു. സെപ്റ്റംബർ 10ന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ കാണാൻ ദേവൻ ചെന്നൈയിലെത്തുമെന്നും അവിടെ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാകും അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവുമെന്നാണ് കണക്ക് കൂട്ടുന്നത്.

കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു അപ്രതീക്ഷിതമായി ദേവൻ ബി.ജെ.പിയിൽ നിന്നും തന്റെ രാജി പ്രഖ്യാപനം നടത്തിയത്. ബി.ജെ.പിയുടേത് തന്റെ വഴിയല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയ്ക്ക് വേണ്ടി അഗ്രസീവായി പ്രവർത്തിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനായി വലിയ സംഭാവന നൽകിയിരുന്നതായും ദേവൻ പറഞ്ഞു. എന്നാൽ ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് താൻ ആഗ്രഹിക്കുന്നതെന്നും, കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാന ബി.ജെ.പിയിൽ അത് കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസങ്ങൾക്ക് മുമ്പ് തന്നെ രാജി തീരുമാനിച്ചിരുന്നതായി വ്യക്തമാക്കിയ അദ്ദേഹം, സ്ഥാനമാനങ്ങളും അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് നൽകുകയാണെന്നും പറഞ്ഞു.

അതേസമയം, ദേവന്റെ തീരുമാനത്തെ പിന്തുണച്ച് നടി പ്രിയങ്കയും രംഗത്തെത്തി. ദേവൻ ബി.ജെ.പിയിൽ നിന്നിട്ട് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ച നല്ല കാര്യങ്ങളാണ് വിജയ് തമിഴ്‌നാട്ടിൽ ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു. അതിനാലാണ് ടിവികെയിൽ ചേരാൻ തീരുമാനിച്ചതെന്നും നെഗറ്റീവ് പറയുന്നവർ പറയട്ടെയെന്നും കൂട്ടിച്ചേർത്ത പ്രിയങ്ക, ജനങ്ങൾ നല്ലതിനൊപ്പം നിൽക്കുമെന്നും കേരളത്തിലും കുറച്ച് നല്ല മാറ്റങ്ങൾ വരട്ടെയെന്നും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *