
കാഠ്മണ്ഡു: നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ 16 പേരുടെ മരണം സ്ഥിരീകരിച്ചു. ഒട്ടേറെ പേരെ കാണാതായി. 105 ഇന്ത്യക്കാരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. ടിബറ്റൻ അതിർത്തിയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് നേപ്പാളിൽ വ്യാപക നാശനഷ്ടം വിതച്ചതെന്ന് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നായി ഇതുവരെ എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി സെൻട്രൽ പൊലീസ് അറിയിച്ചു.
രസുവ ജില്ലയിൽ 26 നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥരെ കാണാതായതായി അധികൃതർ അറിയിച്ചു. തങ്ങളുടെ ഏഴ് ഉദ്യോഗസ്ഥരെ കാണാതായതായി സായുധ പൊലീസ് സേനയും (എപിഎഫ്) വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളിൽ നേപ്പാൾ സൈന്യം ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
നേപ്പാളിന്റെ വടക്കൻ ജില്ലകളിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ ഗ്രാമങ്ങളടക്കം ഒലിച്ചുപോയി. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താൻ അധികൃതർ ശ്രമിച്ചുവരികയാണ്. ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് (രസുവഗഡി, ചിലിമെ, തൃശൂലി 3എ, തൃശൂലി 3ബി ഹബ് 220 കെ.വി സബ്സ്റ്റേഷൻ, തൃശൂലി ഹൈഡ്രോപവർ സ്റ്റേഷൻ, ദേവിഘട്ട് ഹൈഡ്രോപവർ സ്റ്റേഷൻ) കേടുപാടുകൾ സംഭവിച്ചതായി നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി (എൻഇഎ) അറിയിച്ചു. നേപ്പാളിലെ ഒട്ടുമിക്ക ദേശീയപാതകളും അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ടിബറ്റുമായി അതിർത്തി പങ്കിടുന്ന നേപ്പാളിന്റെ മലയോര താഴ്വരകളിലൂടെ ചെളിനിറഞ്ഞ വെള്ളം കുത്തിയൊലിച്ചുവരുന്നതിന്റെ വിഡിയോകൾ നേപ്പാൾ പൊലീസും മറ്റുള്ളവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘‘നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തി ഞങ്ങൾക്ക് അറിയില്ല, പക്ഷേ പ്രളയം വളരെ വലുതാണ്, ഇത് ഒട്ടേറെ ജനവാസ മേഖലകളെ ബാധിച്ചിട്ടുണ്ടാകാം.’’– നേപ്പാൾ പൊലീസ് വക്താവ് അബി നാരായൺ കാഫ്ലെ പറഞ്ഞു. നദീതീരങ്ങളിൽ താമസിക്കുന്നവരോട് മാറിത്താമസിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും തങ്ങളുടെ എല്ലാ സജ്ജീകരണങ്ങളും രംഗത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







