തിരുവനന്തപുരം: പമ്പയില്‍ നിന്നും നിലയ്ക്കലിലേക്കുള്ള യാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സി അമിത നിരക്ക് ഈടാക്കുന്നുവെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് കോര്‍പ്പറേഷന്‍ എം.ഡി.ടോമിന്‍.ജെ.തച്ചങ്കരി വ്യക്തമാക്കി. 2018 തുടക്കത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് ശബരിമലയില്‍ ഇപ്പോഴാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് എം.ഡിയുടെ വിശദീകരണം.

കഴിഞ്ഞ ഉത്സവകാലത്ത് 31 രൂപയായിരുന്നു കെ.എസ്.ആര്‍.ടി.സി ചാര്‍ജ് ഈടാക്കിയിരുന്നത്. അന്ന് 63 രൂപയായിരുന്നു ഡീസലിന്റെ വില. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 79 രൂപയില്‍ പരം നല്‍കണം. ഇപ്പോഴത്തെ ഡീസല്‍ നിരക്ക് അനുസരിച്ച് 49 രൂപയാണ് ഇവിടെ ബസ് ചാര്‍ജായി ഈടാക്കേണ്ടത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ സര്‍വീസുകളിലെയും യാത്രാ നിരക്കുകള്‍ പുനര്‍ നിശ്ചയിച്ചിട്ടുണ്ട്. പമ്പ മുതല്‍ നിലയ്ക്കല്‍ വരെയുള്ള യാത്രയ്ക്ക് സെസ് അടക്കം 41 രൂപയാണ് ശരിക്കും ഈടാക്കേണ്ടത്. എന്നാല്‍ ഭക്തരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇത് 40 രൂപയാക്കി നിശ്ചയിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍.ടി.സി ശബരിമല അയ്യപ്പന്റെ അനുഗ്രഹത്താല്‍ കരകയറണമെന്നാണ് ജീവനക്കാരും മാനേജ്‌മെന്റും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *