
ടെഹ്റാൻ/ വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം. കപ്പൽ പാതയിൽ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടതിനെത്തുടർന്നാണ് യുഎസ് ആക്രമണം. ഇറാനുനേർക്കു ചൊവ്വാഴ്ച ആക്രമണമുണ്ടായതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഹോർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിടാൻ ഇറാൻ തയാറാക്കിയ റഡാറുകളും മിസൈലുകൾ വിക്ഷേപിക്കാനുപയോഗിക്കുന്ന സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം. അതേസമയം ബന്ദർ അബ്ബാസ്, ഖേഷം കൊനാരക് ദ്വീപ്, ചാബഹാർ എന്നിവിടങ്ങളിൽ ഒന്നിലധികം സ്ഫോടനം ഉണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിരോധ സംവിധാനങ്ങൾ ഇറാൻ പുനർനിർമിക്കുന്നത് തടയണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിന് ശേഷമാണ് ഈ ആക്രമണങ്ങളുണ്ടായത്. നേരത്തേ ഹോർമുസ് കടലിടുക്കിലൂടെ പോയ വാണിജ്യ കപ്പലുകൾക്കു നേരെയും ഇവിടെ വിന്യസിച്ചിരുന്ന യുഎസ് നാവികർക്കുനേരെയും ഇറാൻ റവല്യൂഷനറി ഗാർഡ് ആക്രമണ ശ്രമം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോർമുസ് കടലിടുക്കിൽ പരിമിതമായ ആക്രമണങ്ങൾ നടത്താൻ യുഎസ് പ്രസിഡന്റ് ആലോചിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഈ ആക്രമണങ്ങൾ.
നീണ്ട ഇടവേളയ്ക്കു ശേഷം ഹോർമുസ് കടലിടുക്കിലെ ചെറു ദ്വീപായ ലാറക്കിൽ ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്കുനേരെ വ്യോമാക്രമണം നടത്തിയാണ് യുഎസ് യുദ്ധത്തിലേക്ക് തിരിച്ചുവന്നത്. ഇതിനു ശേഷമുള്ള തുടർ ആക്രമണമാണ് ഇന്നുണ്ടായത്. അമേരിക്കൻ സൈന്യം ഇറാനിലെ ഖാർഗ് ദ്വീപ് ആക്രമിക്കുന്നതിന്റെ സാങ്കൽപിക വിഡിയോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ പങ്കുവച്ചിരുന്നു.
