ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ

ബെംഗളൂരു: കടം വാങ്ങിയ തുകയ്ക്ക് പലിശ കൃത്യമായി നൽകിയില്ലെന്ന കാരണത്താൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ ബെംഗളൂരുവിൽ അറസ്റ്റിൽ. രണ്ട് സ്ത്രീകളടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയെ മർദ്ദിക്കുന്നതിൻ്റെയും നഗ്നയാക്കുന്നതിൻ്റെയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.

രണ്ട് വർഷം മുൻപ് പ്രതികളിലൊരാളായ രേഷ്മയിൽ നിന്നും യുവതി ഒരു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ ആറ് മാസമായി ഈ തുകയുടെ പലിശ നൽകാൻ യുവതിക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ രേഷ്മ വഴി പരിചയപ്പെട്ട നസ്രത്ത് എന്ന സ്ത്രീയിൽ നിന്നും യുവതി അമ്പതിനായിരം രൂപയും കടം വാങ്ങി. ഈ തുകയ്ക്ക് എല്ലാ ആഴ്ചയിലും അയ്യായിരം രൂപ വീതം യുവതി പലിശയായി നൽകിവരികയായിരുന്നു. എന്നാൽ കഴിഞ്ഞ നാല് ആഴ്ചകളായി ഇതും മുടങ്ങിയിരുന്നു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

പലിശ ചോദിച്ചുള്ള ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ യുവതി രേഷ്മയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും, മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റുകയും ചെയ്തു. എന്നാൽ ഇതിനിടെ നസ്രത്ത് യുവതിയെ ഫോണിൽ ബന്ധപ്പെടുകയും, ജോലിയും പണവും വാഗ്ദാനം ചെയ്ത് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇത് വിശ്വസിച്ച് നസ്രത്തിൻ്റെ വീട്ടിലെത്തിയ യുവതിയെ അവിടെ വെച്ച് പ്രതിയായ സുഹൈൽ മർദ്ദിച്ചതായി പോലീസ് പറയുന്നു.

പിന്നീട് പ്രതികൾ ചേർന്ന് യുവതിയെ ബലമായി ഒരു ഓട്ടോറിക്ഷയിൽ കയറ്റി. രേഷ്മയും നസ്രത്തും യുവതിയുടെ ഇരുവശങ്ങളിലുമായി ഇരുന്നു. സുഹൈലും മറ്റ് രണ്ട് പേരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ബെംഗളൂരു നഗരത്തിന് പുറത്തുള്ള കുമ്പളഗോഡിന് സമീപം ഒരു വീട്ടിലേക്ക് ഇവർ യുവതിയെ തട്ടിക്കൊണ്ടുപോയി. തുടർന്ന് യുവതിയെ നഗ്നയാക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. സൈബർ സെല്ലിൻ്റെ അടക്കം സഹായത്തോടെയാണ് പോലീസ് സ്ഥലത്തെത്തി യുവതിയെ മോചിപ്പിച്ചത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

English Summary

Four people, including two women, were arrested in Bengaluru for allegedly kidnapping, stripping, and assaulting a woman over her failure to pay loan interest. The accused lured the victim, confined her in a house near Kumbalgodu, and filmed the assault. The police traced and rescued the victim after her mother filed a missing complaint.

Leave a Reply

Your email address will not be published. Required fields are marked *