Ration Rice Seized: റേഷൻ അരി കടത്ത് കയ്യോടെ തൂക്കി; മിന്നൽ പരിശോധനയിൽ പിടികൂടിയത് 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ മിന്നൽ അനധികൃത കടത്ത് പിടികൂടി. പരിശോധനയിൽ 246 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. അർധരാത്രി വരെ നീണ്ട പരിശോധനയിൽ, പനച്ചമൂട് പ്രദേശത്ത് കണ്ടെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയിൽ കടത്താൻ ശ്രമിച്ച 101 ചാക്ക് (5,050 കിലോ) പുഴുക്കലരി, 25 ചാക്ക് (1,250 കിലോ) കുത്തരി, 55 ചാക്ക് (2,750 കിലോ) ഗോതമ്പ് എന്നിവയാണ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളും ലോറിയും മഹസ്സർ റിപ്പോർട്ട് സഹിതം വെള്ളറട പോലീസിന് കൈമാറുകയും ചെയ്തു.

രഹസ്യവിവരത്തെ തുടർന്നാണ് പ്രദേശത്ത് പരിശോധന നടന്നത്. പനച്ചമൂട് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എസ്എൻഎസ് ഗ്രോസറി ട്രേഡിങ് എന്ന സ്ഥാപനത്തിൽ അനധികൃതമായി റേഷൻ അരി സംഭരിച്ചിട്ടുണ്ടെന്നായിരുന്നു രഹസ്യ വിവരം. സ്ഥാപനം പൂട്ടിയ നിലയിലായിരുന്നതിനാൽ ഉടമയോട് എത്താൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ല. തുടർന്ന് വാർഡ് മെമ്പർ ശശിധരൻ, വില്ലേജ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ പൂട്ട് പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 142 ചാക്ക് പുഴുക്കലരിയും 15 ചാക്ക് കുത്തരിയും 8 ചാക്ക് ഗോതമ്പും 6,750 രൂപയും കണ്ടെത്തി.

കാലിത്തീറ്റ, രാസവളം എന്നിവയുടെ പഴയ ചാക്കുകളിലാണ് ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത ധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ അമരവിളയിലെ സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണിലേക്ക് മാറ്റി. അവശ്യസാധന നിയമപ്രകാരം കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റേഷനിങ് കൺട്രോളർ സിവി മോഹൻകുമാർ, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിങ് കൺട്രോളർ എ സജാദ്, ജില്ലാ സപ്ലൈ ഓഫീസർ സ്മിത എസ് ആർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. റേഷൻ ധാന്യങ്ങൾ കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി അനൂപ് ജേക്കബ് മുന്നറിയിപ്പ് നൽകി.

അടുത്തിടെ എസ്ഐടി അന്വേഷണത്തിൽ കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് റേഷൻ കരിഞ്ചന്ത മാഫിയ സജീവമാണെന്ന് ഒരു വിവരം ലഭിച്ചിരുന്നു. റേഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ മുതൽ വാതിൽപ്പടി വിതരണക്കാരും റേഷൻ ഉടമകളും സഹിതം ഈ മാഫിയയുടെ കണ്ണികളാണെന്നാണ് വിവരം. തുടർന്ന് സിവിൽ സപ്ലൈസ് പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കടത്ത് പിടികൂടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *