Sabarimala Padi Pooja: ശബരിമല പടിപൂജ ദിവസം 5 ആക്കി; നിരക്ക് 1,37,900 രൂപ, 2040 വരെ 705 ബുക്കിംഗ്

കൊച്ചി: ശബരിമലയിൽ പടിപൂജ പ്രതിദിനം അഞ്ചു വീതം നടത്താൻ തീരുമാനിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. കൂടാതെ നിലവിൽ ബുക്ക് ചെയ്ത പടിപൂജ പൂർത്തിയാക്കിയതിനു ശേഷമേ ഇനി പുതിയ ബുക്കിംഗ് സ്വീകരിക്കുകയുള്ളൂ എന്നും ദേവസ്വം ബോർഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പടിപൂജയ്ക്ക് ബുക്ക് ചെയ്തവരുടെ പേരുകൾ ഡിജിറ്റലൈസ് ചെയ്യുമെന്നും ജീവിച്ചിരിപ്പില്ലാത്ത ആളുകളുടെ പേരുകൾ ഒഴിവാക്കുമെന്നും വ്യക്തമാക്കി. ജസ്റ്റിസ് ബി രാജ വിജയരാഘവൻ ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം ഹൈക്കോടതിയിൽ പരിഗണിച്ചത്.

അതേസമയം നിലവിൽ 2040 വരെ 705 പേരാണ് പടിപൂജയ്ക്ക് വേണ്ടി ബുക്ക് ചെയ്തത്. പടിപൂജ ചെയ്യാനുള്ള നിരക്ക് 1,37,900 രൂപയാണ്. മണ്ഡല മകരവിളക്ക് കാലത്ത് പടിപൂജ നടത്തില്ല. കൂടാതെ കൊപ്രക്കളത്തിന് സമീപത്തുള്ള പെറ്റി ഷോപ്പ് ഉടൻ നീക്കം ചെയ്യാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ചാലക്കയം- പമ്പാ റോഡ് പുനരുദ്ധാരണം ചെയ്യുന്നതിനായി 15 കോടി രൂപ അനുവദിച്ചതായും ബോർഡ് അറിയിച്ചു.

എന്നാൽ അന്നദാന മണ്ഡപം നിർമ്മാണം പൂർത്തിയായിട്ടുണ്ടെങ്കിലും ഇനിയും ഉപയോഗിക്കാൻ ആരംഭിച്ചിട്ടില്ല ഇതിന്റെ കാരണം അറിയിക്കാനും കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.അതേസമയം ശബരിമലയിലെ അരവണ നിർമ്മാണ പ്ലാന്റിന്റെ അരവണ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും റിപ്പോർട്ട്. ഓരോ ദിവസത്തിലെയും നിർമ്മാണ ശേഷി 85,000 മുതൽ 1 ലക്ഷം കണ്ടെയ്നർ വരെ വർദ്ധിപ്പിക്കാനാണ് ഇതിലൂടെ നീക്കം.

ഇതോടെ പ്രതിദിനം 3.25 ലക്ഷം കണ്ടെയ്നർ ആയിരിക്കും അരവണ നിർമ്മിക്കാൻ സാധിക്കുക. നിലവിൽ രണ്ടു മുതൽ 2.25 ലക്ഷം കണ്ടെയ്നർ വരെയാണ് ഓരോ ദിവസവും അരവണ ശബരിമലയിൽ നിർമ്മിക്കുന്നത്. പുതിയതായി ആറ് അരവണ പ്രിപ്പറേഷൻ പ്ലാന്റ് അഥവാ വാർപ്പ് രണ്ട് കൂളിംഗ് ചേമ്പറുകൾ ഒരു ബോയിലർ എന്നിവ കൂടിയാണ് സ്ഥാപിക്കാൻ തീരുമാനമായത്.നിലവിൽ ശബരിമലയിൽ അരവണ നിർമ്മാണ പ്ലാന്റിൽ 26 അരവണപ്രിപ്പറേഷൻ പ്ലാന്റുകളും 6 കൂളിംഗ് ചാമ്പറുകളും 6 ബോയിലറുകളും ആണ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *