കൊച്ചിയിൽ അനധികൃതമായി താമസിച്ച 5 ബംഗ്ലാദേശികൾ പിടിയിൽ; പോലീസിനെ വെട്ടിച്ച് കടന്ന ആൾക്കായി തിരച്ചിൽ

കൊച്ചി: പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ പ്രതി പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ഹദിയുള്ള ഖാൻ (31) എന്നയാളാണ് ശൗചാലയത്തിന്റെ ജനൽ വഴി രക്ഷപ്പെട്ടത്. വിരലടയാളമെടുക്കുന്നതിനിടെ മൂത്രമൊഴിക്കാൻ പോകണമെന്നാവശ്യപ്പെട്ട് ശൗചാലയത്തിൽ കയറുകയും ജനൽപാളിയിളക്കി രക്ഷപ്പെടുകയുമായിരുന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഇയാൾക്കായി സിറ്റി പോലീസ് വ്യാപകമായ തിരച്ചിൽ തുടങ്ങി.

വെണ്ണലയ്ക്ക് സമീപം അനധികൃതമായി താമസിച്ചിരുന്ന ഹദിയുള്ളഖാനുൾപ്പടെ ആറ് ബംഗ്ലാദേശുകാരെ പാലാരിവട്ടം പോലീസ് ബുധനാഴ്ച പിടികൂടിയിരുന്നു. ബംഗ്ലാദേശിലെ ബാഗെർഹാട്ട് മോറെൽഗഞ്ച് സ്വദേശികളായ മുഹമ്മദ് ഇബ്രാഹിം (29), സക്കീർ ഖാൻ (50), മുഹമ്മദ് ആരിഫ് (29), മുഹമ്മദ് ഉനുസ് ഖാൻ (41), ജോഷ്വാ ബീഗം (30) എന്നിവരാണ് പിടിയിലായത്. ഇതിൽ ഉനുസ് ഖാനും ജോഷ്വാ ബീഗവും ദമ്പതിമാരാണ്.

കറുകപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമായി ആക്രിക്കച്ചവടം നടത്തിയാണ് ഇവർ ജീവിച്ചിരുന്നത്. ഇന്ത്യക്കാരാണെന്ന വ്യാജേന വെണ്ണല സവിത റോഡിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് പുലർച്ചെ മൂന്നരയോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരുടെ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോൾ ബംഗ്ലാദേശി തിരിച്ചറിയൽ കാർഡുകളുടെ ഫോട്ടോകൾ കണ്ടു. ഇവരുടെ കൈവശം ഇന്ത്യൻ പാസ്‌പോർട്ടോ മറ്റ് തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ല. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ശേഷം ട്രെയിൻ മാർഗം കേരളത്തിൽ എത്തിയെന്നാണ് നിഗമനം.

ഇതേ തുടർന്ന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് ഇവരുടെയെല്ലാം വിരലടയാളം പകർത്തുന്നതിനിടെയാണ് ഹാദിയുള്ളഖാൻ തനിക്ക് മൂത്രമൊഴിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടത്. സ്റ്റേഷനിലെ ശൗചാലയത്തിലേക്ക് കയറിയ ഹാദിയുള്ള തിരിച്ചിറങ്ങാതായതോടെയാണ് പോലീസ് പരിശോധന നടത്തിയത്. അപ്പോഴാണ് ശൗചാലയത്തിന്റെ ജനൽപാളി ഇളക്കിമാറ്റിയത് കണ്ടത്. സമീപത്തെ ക്ഷേത്രവളപ്പിലേക്ക് ചാടിയാണ് രക്ഷപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *