പഴത്തിനുള്ളില്‍ സൂചികയറ്റി ‘ജിന്ന് മുറിക്കല്‍’! ഒരു പഴത്തിന് വാങ്ങിയത് 2,500 രൂപ; ഒടുവിൽ ‘ഉസ്താദിനെ’ പൂട്ടി നാട്ടുകാർ

തിരുനാവായ: ആത്മീയതയുടെ മറവില്‍ പാവങ്ങളെ പറ്റിച്ച് ജീവിച്ച ‘ജിന്ന് ഉസ്താദിന്റെ’ തട്ടിപ്പ് തട്ടകം നാട്ടുകാരും യൂത്ത് ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് അടപ്പിച്ചു! കൊടക്കലില്‍ ‘ജിന്ന് മഹ്‌ളറ’ എന്ന പേരില്‍ വ്യാജ ആത്മീയ ചികിത്സയും ചൂഷണവും നടത്തിവന്ന ആലപ്പുഴ സ്വദേശി ‘സി.എം. ഉസ്താദ്’ എന്ന ചക്കാലക്കല്‍ ജമാലുദ്ദീനാണ് ഒടുവില്‍ പെട്ടിയുമെടുത്ത് സ്ഥലംവിടേണ്ടി വന്നത്. ജിന്നായി വേഷമിട്ട് കൂട്ടുനിന്ന കൊല്ലം സ്വദേശിയായ സഹായിയും ഇയാളോടൊപ്പമുണ്ടായിരുന്നു.

സംഭവത്തിന് പിന്നിലെ കള്ളക്കളി ഇങ്ങനെയാണ്; വാഴപ്പഴത്തിന്റെ തോല്‍ പൊളിക്കാതെ ഉള്ളിലെ പഴം മാത്രം മുറിച്ചു നല്‍കുന്ന ‘ജിന്ന് മുറിക്കല്‍’ വിദ്യ കാണിച്ചായിരുന്നു ഇവരുടെ പ്രധാന തട്ടിപ്പ്! നേന്ത്രപ്പഴത്തിനുള്ളില്‍ സൂചികയറ്റി ഉള്ളിലെ പഴം മാത്രം കഷണങ്ങളാക്കുന്ന അടവാണിതെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോയിലൂടെ നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. ഈ ഒരു പഴത്തിന് ഇവര്‍ ഈടാക്കിയിരുന്നത് വന്‍തുകയാണ്അതായത് ഒരു പഴത്തിന് 2,500 രൂപ! ഇതുകഴിച്ചാല്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം സാധിക്കുമെന്നായിരുന്നു വ്യാജ സിദ്ധന്റെ തട്ടിപ്പ് വാഗ്ദാനം.

തട്ടിപ്പ് കൈയോടെ പൊക്കാന്‍ ബുധനാഴ്ച രാവിലെ 11.30-ഓടെ നാട്ടുകാരും യൂത്ത് ലീഗ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് പുതിയ നേന്ത്രപ്പഴങ്ങളുമായി ‘ജിന്ന് മഹ്‌ളറ’യിലേക്ക് മാര്‍ച്ച് ചെയ്തു. തങ്ങള്‍ കൊണ്ടുവന്ന പഴത്തില്‍ ഈ ‘ജിന്ന് വിദ്യ’ കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ കേമനായ ഉസ്താദിന്റെ കാറ്റുപോയി! വാപൊളിച്ച് നിന്ന ഉസ്താദ് കളം മാറ്റിച്ചവിട്ടാന്‍ നോക്കിയെങ്കിലും ജനങ്ങള്‍ വിട്ടില്ല. ഇതോടെ ആത്മീയ തട്ടകം കലുഷിതമായി. 2023-ല്‍ അക്യുപങ്ചര്‍ ചികിത്സയുടെ പേരില്‍ തട്ടിപ്പ് നടത്തി സ്ഥാപനം പൂട്ടിയ ശേഷമാണ് ഇയാള്‍ പുതിയ ‘ജിന്ന്’ അവതാരവുമായി രംഗത്തിറങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധക്കാരുടെ കലിപ്പില്‍ കൊടക്കല്‍ പ്രദേശത്തുടനീളം സ്ഥാപിച്ചിരുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകളെല്ലാം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. സംഗതി വഷളാവുകയും എസ്.പിക്ക് പരാതി എത്തുകയും ചെയ്തതോടെ, വരുന്ന 30-നുള്ളില്‍ സ്ഥാപനം പൂട്ടി തിരുനാവായ വിട്ടുപൊയ്‌ക്കോളാമെന്ന് എഴുതിക്കൊടുത്ത് ഉസ്താദും കൂട്ടാളിയും തലയൂരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *