
ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച (സെപ്റ്റംബർ 15) വൈകിട്ട് 3 മുതൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബീച്ച് ഭാഗത്തേക്ക് വൈകിട്ട് 3 മുതൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ താഴെ പറയുന്ന വിധം ക്രമീകരിക്കേണ്ടതാണ്
∙ എലത്തൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെങ്ങാലി ബ്രിഡ്‌ജിന്റെ അടിയിൽ കൂടെ പുതിയാപ്പ, ഭട്ട് റോഡ് ബീച്ച് വഴി ഗാന്ധി റോഡ് ജംക്‌ഷനിൽ ആളെ ഇറക്കി ഭട്ട് റോഡ് ബീച്ച് റോഡ് അരികിൽ പാർക്ക് ചെയ്യണം.
∙ പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, കക്കോടി എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂർ റോഡ് – ക്രിസ്ത്യൻ കോളജ് ജംക്‌ഷൻ വഴി ഫ്ലൈഓവറിന് സമീപം ആളുകളെ ഇറക്കിയ ശേഷം നടക്കാവ് – എരഞ്ഞിപ്പാലം വഴി പിഡബ്ല്യുഡി റോഡിലുള്ള സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
∙ ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പുഷ്പ ജംക്‌ഷൻ എകെജി ഫ്ലൈ ഓവർ വഴി സീ ക്യൂൻ ഹോട്ടലിന് സമീപം ആളുകളെ ഇറക്കിയ ശേഷം തിരിച്ച് കോതി സൗത്ത് ബീച്ചിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
നഗരപരിധിയിൽ നിന്ന് ബീച്ചിലേക്ക് ആളുകളെ എത്തിക്കുന്ന വാഹനങ്ങൾ:
∙ ക്രിസ്ത്യൻ കോളജ് കണ്ണൂർ റോഡ് ജംക്‌ഷനിൽ ആളുകളെ ഇറക്കിയ ശേഷം അശോകപുരം വഴി സരോവരം റോഡിന് എതിർവശത്തുള്ള പീവീസ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
∙ നഗരത്തിലെ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുള്ളതിനാൽ റോഡരികിലും മറ്റ് നിരോധിത സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ യാത്രാസമയം കണക്കിലെടുത്ത് നേരത്തെ യാത്ര തിരിക്കണം. ട്രാഫിക് ഡൈവേർഷനും നിയന്ത്രണവും രാത്രി 10 വരെ ഉണ്ടായിരിക്കും. ചരക്ക് വാഹനങ്ങൾക്ക് ബീച്ച് ഭാഗത്തേക്ക് പൂർണ നിയന്ത്രണം ഉണ്ടായിരിക്കും. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്ന പൊലീസ് ഹെൽപ് ലൈൻ നമ്പറുകൾ 0495 2721017, 9497975656. പൊലീസ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി അഭ്യർഥിച്ചു.
