
കോഴിക്കോട്: ഹവാല ഇടപാട് ആരോപണത്തിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തും ഐ.ടി വ്യവസായിയുമായ മുഹമ്മദ് ഫെബീഷിനെ ഇ.ഡി ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ നടത്തിയ പരിശോധനയിൽ 50 പവനിലേറെ സ്വർണവും പണവും കണ്ടെത്തിയതിനെ തുടർന്ന് ലോക്കർ സീൽ ചെയ്തിരുന്നു. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി കത്തയച്ചിരുന്നു. ഇതിന്റെ നടപടികൾ വൈകുന്നതിനിടെയാണ് ഇ.ഡിയുടെ തുടർനടപടികൾ.
തിങ്കളാഴ്ചയാണ് റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബേപ്പൂർ ഫെസ്റ്റിന്റെ സംഘാടകരിൽ ഒരാളായിരുന്നു ഫെബീഷ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫെബീഷിന്റെ കോഴിക്കോട്ടെ ബാങ്ക് ലോക്കർ ഇ.ഡി പരിശോധന നടത്തിയത്. പിന്നാലെ ലോക്കർ സീൽ ചെയ്യുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് ലോക്കറിലെ സ്വർണത്തിന്റെയും പണത്തിന്റെയും മൂല്യനിർണയം നടത്തിയത്. തന്റെ ലോക്കറിൽ ഉണ്ടായിരുന്നത് പഴയ സ്വർണമാണെന്നും ഇതോടൊപ്പം സഹോദരിയുടെ സ്വർണവും വച്ചിരുന്നുവെന്നും റിയാസിന്റെ സുഹൃത്ത് അവകാശപ്പെട്ടു. തനിക്ക് യാതൊരു പങ്കുമില്ലെന്നും ഫെബീഷ് മൊഴി നൽകിയിട്ടുണ്ട്.
