കോട്ടയം: ജലന്ധര്‍ പീഡനക്കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡില്‍. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഫ്രാങ്കോയെ റിമാന്‍ഡില്‍ വിടാന്‍ ഉത്തരവിട്ടത്. അടുത്ത മാസം ആറ് വരെയാണ് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. പാലാ സബ്ജയിലിലേക്കാണ് ബിഷപ്പിനെ കൊണ്ട് പോകുന്നത്.

അതേസമയം, ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. പൊതുതാല്‍പര്യ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കു പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ പ്രതിയെ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് ക്ലബ്ബില്‍ കൊണ്ടുവന്ന് ഫാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്തു. നിര്‍ണായകമായ കൂടുതല്‍ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.

അതേസമയം കന്യാസ്ത്രിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ സിഎംഐ സഭ വൈദികന്‍ ജെയിംസ് ഏര്‍ത്തയില്‍, ഇരയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റര്‍ അമല എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *