
തലശ്ശേരി: എരഞ്ഞോളി പാലത്തിനു സമീപത്തെ ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് നാലു പെൺകുട്ടികളെ കാണാതായി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇവരെ എറണാകുളത്തുനിന്ന് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ച സ്ഥാപനത്തില്‍നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് കുട്ടികൾ ഒളിച്ചോടുകയായിരുന്നു.
പെൺകുട്ടികളെ കാണാതായെന്ന് പരാതി ലഭിച്ചതോടെ നാലുപേരുടെയും ഫോട്ടോ പതിച്ചുള്ള പൊലീസ് അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ ഉച്ചയോടെ എറണാകുളത്തെ ലുലു മാളിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ജില്ലയിലെ മലയോര പ്രദേശങ്ങളില്‍നിന്നുള്ളവരാണ് നാലുപേരും.
കുറച്ചുദിവസംമുമ്പ് ചില്‍ഡ്രന്‍സ് ഹോമിലെത്തിയ 17കാരിക്കൊപ്പമാണ് മറ്റ് മൂന്നുപേരും പോയത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഉഷയാണ് തലശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. പൊലീസെത്തി തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി പരിശോധിച്ചതില്‍നിന്നും പുലര്‍ച്ച പുറപ്പെട്ട ട്രെയിനില്‍ കുട്ടികള്‍ കയറിയതായി സൂചന ലഭിച്ചു. മറ്റ് അപായങ്ങളില്‍പ്പെടാതിരിക്കാന്‍ പൊലീസും ആര്‍.പി.എഫും ഉടന്‍ ജാഗ്രതാനിര്‍ദേശം നൽകി. ഇതിനിടെയാണ് കുട്ടികള്‍ എറണാകുളത്ത് എത്തിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. എറണാകുളത്ത് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടികളെ പൊലീസ് തലശ്ശേരിയിലെത്തിക്കും.
