ലക്ഷണം കണ്ടിട്ട് മനസ് ‘ഇവി​ടല്ല’! വിഡി സതീശനെയും ശിവസേനയേയും പുകഴ്ത്തി; സി ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി ഇടത് പക്ഷത്തുനിന്ന് വലതുപ​ക്ഷത്തേക്കുള്ള ചായ്വിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്ന സിപിഐ നേതാവ് സി ദിവാകരന് ഒടുവിൽ സിപിഐയുടെ കാരണം കാണിക്കൽ നോട്ടീസ്. മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തുകയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തെന്ന് കാട്ടി മുതിർന്ന നേതാവായ സി ദിവാകരന് സിപിഐ കാരണം കാണിക്കൽ നോട്ടീസ് നൽകി എന്നാണ് റിപ്പോർട്ട്. ഇടതുപക്ഷത്തെയും എൽഡിഎഫിലെ മുഖ്യ പാർട്ടിയായ സിപിഎമ്മിന്റെ മുതിർന്ന നേതാവായ പിണറായി വിജയനെയും മോശമായി ചിത്രീകരിക്കാൻ ഇടയാക്കുന്ന ചില പ്രസ്താവനകൾ നേരത്തെ സി ദിവാകരന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.

അ‌ടുത്തിടെ മുഖ്യമന്ത്രി വിഡി സതീശനെ പരസ്യമായി പുകഴ്ത്തി സി ദിവാകരൻ രംഗത്തെത്തി. വിഡി സതീശൻ കേരളത്തിന്റെ സ്പന്ദനമാണെന്നും അദ്ദേഹത്തിന്റെ കൈകളിൽ കേരളം ഭദ്രമാണെന്നും 100 ദിവസം കൊണ്ട് അദ്ദേഹം അത് തെളിയിച്ചുവെന്നുമായിരുന്നു ദിവാകരന്റെ പ്രതികരണം. എന്നാൽ ഇതിനെക്കാൾ സിപിഐക്കാരെ ഞെട്ടിച്ചത് മറ്റൊന്നാണ്.

ഹിന്ദുത്വ പാർട്ടി എന്ന് കരുതപ്പെടുന്ന ശിവസേനയെ പുകഴ്ത്തി കഴിഞ്ഞ ദിവസം ദിവാകരൻ പ്രസംഗിച്ചിരുന്നു. ശിവസേന മഹാരാഷ്ട്ര ഭരിച്ച ഉജ്ജ്വല പ്രസ്ഥാനമാണെന്നും ഇപ്പോഴും മുംബൈയിലെ വലിയ പ്രസ്ഥാനമായി തുടരുകയാണെന്നും പറഞ്ഞ സി ദിവാകരൻ, ശിവസേനയുടെ ഗണേശപൂജയും ഘോഷയാത്രയും കണ്ടപ്പോൾ ഭാരതം എത്ര ധന്യമാണെന്നാണ് തോന്നിയെന്നും പരാമർശിച്ചിരുന്നു. ഒരു ഇടതുപക്ഷ നേതാവിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത ഈ പ്രസ്താവനയും സി ദിവാകരന്റെ ചായ്വ് ഇപ്പോൾ എങ്ങോട്ടാണ് എന്ന ലക്ഷണം പ്രകടിപ്പിക്കുന്നതായിരുന്നു.

ഈ പ്രസ്താവനകളുടെയൊക്കെ പിന്നാലെയാണ് ഇപ്പോൾ സിപിഐ ദിവാകരന് കാരണം കാണിക്കൽ നോട്ടീസ് നൽകി എന്ന വിവരം പുറത്തുവന്നിരിക്കുന്നത്. സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ദിവാകരനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടിക്ക് ലഭിക്കുന്ന വിശദീകരണം പരിശോധിച്ചശേഷമായിരിക്കും ഈ വിഷയത്തിൽ സിപിഐ തുടർ നടപടികൾ സ്വീകരിക്കുക.

രാഷ്ട്രീയ എതിരാളികളെ പുകഴ്ത്തുന്നതിനൊപ്പം സ്വന്തം മുന്നണിയിലെ നേതാക്കൾക്കെതിരേ രൂക്ഷ പരാമർശങ്ങൾ നടത്തുന്നതും സി ദിവാകരനെ സംശയത്തോടെ നോക്കാൻ എൽഡിഎഫ് അ‌ണികളെ പ്രേരിപ്പിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അ‌ദ്ദേഹം പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കണമായിരുന്നുവെന്ന് ദിവാകരൻ വിമർശിച്ചിരുന്നു.

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം മുതലെടുത്തും ദിവാകരൻ സിപിഎമ്മിനെതിരേ പരസ്യമായി രൂക്ഷ പ്രതികരണം നടത്തിയിരുന്നു. യഥാർത്ഥത്തിൽ യാതൊരു അധികാരവുമില്ലാത്ത, കേവലം ഒരു രാഷ്ട്രീയാംഗീകാരം മാത്രമായ ഉപനേതൃപദവി സിപിഐക്ക് ലഭിക്കുന്നത് ഉൾക്കൊള്ളാൻ കഴിയാത്തതാണ് സിപിഎമ്മിന്റെ പ്രശ്നമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ തന്നെ സി ദിവാകരന്റെ ചില പ്രസ്താവനകളിൽ സിപിഎം അ‌ണികൾക്കിടയിൽ അ‌മർഷമുണ്ട്. അ‌ടുത്തകാലത്ത് അ‌ദ്ദേഹം നടത്തിയ ശിവസേന, സതീശൻ പുകഴ്ത്തലുകൾ സിപിഎം അ‌ണികൾക്കിടയിൽ കൂടുതൽ അ‌മർഷം സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *