മീററ്റ്: മുസ്‌ലിം യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. മീററ്റിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡു ചെയ്തു.

രണ്ട് ദിവസം മുന്‍പാണ് സംഭവം. പെണ്‍കുട്ടിയെയും യുവാവിനെയും ഒരുമിച്ചു കണ്ട പ്രദേശത്തെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ഇരുവര്‍ക്കും നേരെ തട്ടിക്കയറുകയായിരുന്നു. യുവാവിന്റെ താമസസ്ഥലത്ത് വി.എച്ച്.പി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കുന്നതിനിടെ ആരോ പൊലീസിനെ വിളിച്ചു.

ലവ് ജിഹാദെന്ന് ആരോപിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍ ഇരുവരെയും തല്ലാനൊരുങ്ങി. ഇരുവരെയും സംഭവസ്ഥലത്ത് നിന്ന് പൊലീസ് രണ്ട് ജീപ്പുകളിലാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് പൊലീസ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. എന്തിനാണ് മുസ്ലീം യുവാവുമായി പ്രണയത്തിലായതെന്ന് ചോദിച്ച് വനിതാ ഉദ്യോഗസ്ഥ ആക്രോശിക്കുന്നതും പെണ്‍കുട്ടിയുടെ സ്‌കാര്‍ഫ് വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇവര്‍ക്കെതിരെ കുറ്റങ്ങളൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചു. പിന്നീട് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പിന്നീട് രക്ഷിതാക്കളെത്തി രണ്ടുപേരെയും വിട്ടയച്ചു.

യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ വി.എച്ച്.പി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ പിതാവില്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ പിതാവ് ഈ ആവശ്യം നിരസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *