
തിരുവനന്തപുരം: ശബരിമലയിൽ അരവണയ്ക്ക് ക്ഷാമം. ഒരു ഭക്തന് ഒരു ടിൻ മാത്രമേ നൽകുന്നു എന്ന് പരാതി. ഇതിനെതിരെ ഭക്തർ സന്നിധാനത്ത് അരവണ വില്പന കൗണ്ടറിന്റെ മുന്നിൽ പ്രതിഷേധം തുടരുകയാണ്. അരവണ വളരെ കുറച്ച് അളവിൽ നൽകുന്നതിനാണ് ഭക്തർ പ്രതിഷേധം അറിയിച്ചത്. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തർ ദർശനത്തിനായി എത്തിയതു കൊണ്ടാണ് അരവണയ്ക്ക് നിയന്ത്രണം എന്നാണ് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.
അരവണ ഉത്പാദന പ്ലാന്റിന്റെ നവീകരണം നടക്കുന്ന സാഹചര്യത്തിൽ നിലവിൽ അരവണ ഉത്പാദന പ്ലാന്റിൽ ഉത്പാദനം നടക്കുന്നില്ല. കൂടുതൽ ശേഖരത്തിൽ നിന്നാണ് ഇപ്പോൾ അരവണ ഭക്തർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. നിലവിൽ അരവണയുടെ പ്രതിദിന ഉത്പാദനം രണ്ടേകാൽ ലക്ഷം ടിന്നാണ്. നവികരണം പൂർത്തിയായി കഴിഞ്ഞാൽ ഇത് മൂന്നര ലക്ഷത്തിലേക്ക് ഉയരും. ഭക്തരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതൽ ആയതിനാൽ ആണ് ദേവസ്വം ബോർഡിന് മതിയായ സ്റ്റോക്ക് കരുതാൻ സാധിക്കാതിരുന്നത്.
സാധാരണഗതിയിൽ മൂന്ന് ടിന്ന് അരവണയാണ് ഒരു ഭക്തന് നൽകി വരുന്നത് ഭക്തരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതൽ ആയതോടെ ഒരാൾക്ക് ഒരു ടിൻ എന്ന നിലയിലേക്ക് കുറയ്ക്കേണ്ടതായി വന്നു എന്നും ദേവസ്വം ബോർഡ് പറയുന്നു. അതേസമയം നീണ്ട ക്യൂവിൽ നിന്ന ശേഷം മാത്രമാണ് ഒരു ടിൻ ലഭിക്കുക എന്ന അറിയിപ്പ് ലഭിച്ചത് ഇതാണ് ഭക്തരുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയത് എന്നാണ് സൂചന.
അതേസമയം ശബരിമലയിലെ അരവണ നിർമ്മാണ പ്ലാന്റിന്റെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസത്തിലും നിർമ്മാണശേഷി 85,000 മുതൽ ഒരു ലക്ഷം കണ്ടെയ്നർ വരെ വർദ്ധിപ്പിക്കാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ ഓരോ ദിവസവും 3.25 ലക്ഷം കണ്ടെയ്നർ ആയിരിക്കും അരവണ നിർമ്മിക്കാനായി സാധിക്കുക. നിലവിൽ രണ്ടു മുതൽ 2.25 ലക്ഷം കണ്ടെയ്നർ വരെയാണ് ഓരോ ദിവസവും അരവണ ശബരിമലയിൽ നിർമ്മിക്കുന്നത്. പുതിയതായി ആറ് അരവണ പ്രിപ്പറേഷൻ പ്ലാന്റ് അഥവാ വാർപ്പ്, രണ്ട് കൂളിംഗ് ചേമ്പറുകൾ, ഒരു ബോയിലർ എന്നിവ കൂടിയാണ് സ്ഥാപിക്കാനായി തീരുമാനം എടുത്തിട്ടുള്ളത്.
നിലവിൽ ശബരിമലയിൽ അരവണ നിർമ്മാണ പ്ലാന്റിൽ 26 അരവണ പ്രിപ്പറേഷൻ പ്ലാന്റുകളും 6 കൂളിംഗ് ചാമ്പറുകളും 6 ബോയിലറുകളും ആണ് പ്രവർത്തിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇപ്പോൾ അരവണയുടെ ഉത്പാദനം കുറവാണ്. ഉൽപാദനശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പണികൾ നടക്കുന്നതിനാൽ ആണ് എന്നാണ് ദേവസ്വം ബോർഡ് അറിയിക്കുന്നത്.
